പുസ്തകം: മലയാളി ഒരു ജനിതക വായന. രചന: കെ. സേതുരാമൻ
( ബുക്ക് റിവ്യൂ അല്ല. വായന ഉണർത്തിയ നുറുങ്ങു ചിന്തകളാണ്. അതുകൊണ്ടു തന്നെ പുസ്തക ബാഹ്യമായ കാര്യങ്ങളും പരാമർശനീയം.)
സഹ്യാദ്രികാണ്ഡം
കേരള ചരിത്രം തുടങ്ങുന്നത് കേരളോല്പത്തിയിൽ, കേരള മാഹാൽമ്യത്തിൽ. പരശുരാമൻ മഴു എറിഞ്ഞ് കടലിൽ നിന്നും വീണ്ടെടുത്തത്. ആദ്യത്തേതിൽ ഗോകർണത്തു നിന്നു കന്യാകുമാരിയിലേക്കും രണ്ടാമത്തെ കഥയിൽ കന്യാകുമാരയിൽ നിന്നു ഗോകർണത്തേക്കും എറിയുന്നു. കടൽ പിൻവാങ്ങുന്നു. കര പൊന്തി വരുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഈ കഥ പല രൂപത്തിൽ, പേരിൽ വിളങ്ങുന്നു. സ്കന്ദ പുരാണത്തിൻ്റെ ഭാഗം എന്ന് അവകാശപ്പെടുന്ന
സഹ്യാദ്രി കാണ്ഡത്തിൽ ചിത്പാവൻ ബ്രാഹ്മണരുടെ ഉൽപത്തിയെ കുറിച്ചും സാരസ്വത ബ്രാഹ്മണരുടെ ഗോവയിലേക്കുള്ള കുടിയേറ്റത്തേയും വിശദീകരിക്കുന്നു. ഇതിൽ ഒരിടത്ത് പരശുരാമൻ അമ്പ് എയ്യുന്നു. മറ്റൊരിടത്ത് മഴു എറിയുന്നു. അമ്പ് വന്നു വീഴുന്നത് ഗോവയിൽ. എറിഞ്ഞ സ്ഥലത്തു നിന്നും ഗോവ വരെ കടൽ വലിയുന്നു. പലയിടങ്ങളിൽ നിന്നും കിട്ടിയ manuscript ക്രോഡീകരിച്ച് 1877ൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ബോംബെ ശാഖയാണ് സഹ്യാദ്രി കാണ്ഡം പ്രസിദ്ധീകരിച്ചത്. മൂന്നു കഥയും മുന്നോട്ടു വെക്കുന്ന ഐതിഹ്യത്തിൻ്റെ ഉറവിടം ഒരു പക്ഷെ ഒന്നു തന്നെയാവാം. ബ്രാഹ്മണരുടെ വരവോടെ ഇവിടത്തെ കൃഷി നവീകരിച്ചു. ജനങ്ങൾ പരിഷ്കൃതരായി. അകാദമിക് ചരിത്രം ഇങ്ങനെ തുടങ്ങുന്നു. ജനിതക പഠനം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് മറ്റൊന്നാണ്. കേരള ബ്രാഹ്മണനായ നമ്പൂതിരിക്ക് കേരളത്തിലെ ഇതര ജാതി സമൂഹവുമായാണ് ഏറെ അടുപ്പം. ആര്യ ബ്രാഹ്മണരുമായല്ല.
പറയി പെറ്റ പന്തിരുകുലം
പറയി പെറ്റ പന്തിരുകുലം എന്നത് വലിയ ഒരു ആശയത്തെ സൂചിപ്പിക്കുന്നു. മക്കളുടെ അച്ഛനെക്കുറിച്ച് വേവലാതിപ്പെടാത്ത കാലത്ത് ഉറച്ചു പോയ ഒരു ആപ്ത വാക്യം. പറയിക്ക് മക്കൾ ഉണ്ടാക്കാൻ പുരുഷനെ വേണം എന്ന അറിവ് ഇല്ലാത്ത കാലം. കുലങ്ങൾ ഗോത്രങ്ങളായി പരിണമിക്കും കാലം. പന്ത്രണ്ട് കുലത്തിൻ്റെയും അമ്മ ഒന്ന്. അതുകൊണ്ട് കുലത്തിൻ്റെ പേരിൽ ഒരു കലഹം വേണ്ട എന്ന സന്ദേശം അതിലില്ലെ? മക്കൾ ഉണ്ടാവാൻ അച്ഛൻ വേണം എന്ന അറിവ് വന്നപ്പോൾ കയറി വന്നതാണ് വരരുചിയും പഞ്ച്മിയും.
ഈ പന്തിരു കുലത്തിലേക്ക് കാലാന്തരത്തിൽ കലർപ്പ് വരുന്നു. വ്യാപാരത്തിനായി വന്ന റോമക്കാർ, ചൈനക്കാർ, അറബികൾ, പറങ്കികൾ, ലന്തക്കാർ, ഇംഗ്ലീഷ്കാർ എന്ന ക്രമത്തിൽ. മത പ്രചരണത്തിന് വന്ന ജർമൻകാരും കലർന്നിട്ടുണ്ട്. മദ്ധ്യേഷ്യയിലെ തിയൻഷാൻ താഴ് വരയിൽ നിന്നും, ചൈനയുടെ തെക്കേ അറ്റത്തുള്ള മക്കാവു ദ്വീപിൽ നിന്നും വന്ന വെളുത്ത സുന്ദരികളും കലർന്നിട്ടുണ്ട്. നൂറു പേർ ഒന്നിക്കുന്ന ചടങ്ങിലേക്ക് കണ്ണോടിച്ചാൽ ഈ കലർപ്പുകളൊക്കെ കാണാവുന്നതേയുള്ളൂ. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പലിൽ കപ്പിത്താൻ ആയി വന്ന ക്യാപ്ടൻ കുക്കിന് അന്തിയുറങ്ങാൻ കൂട്ടിന് ജഹാംഗീർ സമ്മാനിച്ചത് അരമേനിയൻ സുന്ദരിയെ. സാമൂതിരിയുടെ അന്തപുരത്തിൽ അടിച്ചു തളിക്കാൻ നൂറു കണക്കിന് സുന്ദരികൾ ഉണ്ടായിരുന്നു. കടൽ കടന്ന് എത്തിയ കച്ചവടക്കാരനെ പിടിച്ചു നിറുത്തെണ്ടത് എങ്ങനെയെന്ന് സമൂതിരിക്ക് അറിയാമായിരുന്നു. പറയി പെറ്റ പന്തിരുകുലത്തിൽ കറുത്ത തിയ്യനും വെളുത്ത തിയ്യനും, കറുത്ത നായരും വെളുത്ത നായരും ഉണ്ടാകുന്നു. ഇവർ രണ്ടു കൂട്ടരും ചേർന്നാൽ കേരളത്തിലെ ഭൂരിപക്ഷ സമുദായമായി.
കരവെപ്പ്, ആറ്റുവെപ്പ്
കരവെപ്പ്=കടൽ ആയിരുന്ന സ്ഥലം കരയായിത്തീരൽ; ആറ്റുവെപ്പ്=നദീതീരത്ത് എക്കൽ അടിഞ്ഞ് ഉണ്ടാകുന്ന സ്ഥലം. (ശബ്ദതാരാവലി നൽകുന്ന അർത്ഥം.) കേരളം മാത്രമല്ല കടൽ വെച്ച കര, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് പോതുവെ കര വെപ്പ് ഉണ്ടായി എന്ന് സഹ്യാദ്രി കാണ്ഡം സാക്ഷ്യ പ്പെടുത്തുന്നു. പടിഞ്ഞാറൻ തീരത്ത് മാത്രമാണോ ഇങ്ങനെ കരവെപ്പുണ്ടായത്?
സ്വാഭവികമായ കരവെപ്പ്, ആറ്റുവെപ്പ് ഒരു മനുഷ്യൻ്റെ ആയുസ്സിൽ കണ്ടെന്നു വരില്ല. പക്ഷെ, വെള്ളപ്പൊക്കം, പ്രളയം എന്നീ സംഭവങ്ങൾ ദിവസങ്ങൾ കൊണ്ട് കര ഉണ്ടാക്കിയിരിക്കും. പുതു വൈപ്പിൻ ഉണ്ടായത് എങ്ങനെ എന്ന് കഴിഞ്ഞ തലമുറയിലെ ചിലർക്കെങ്കിലും തങ്ങളുടെ പിൻഗാമികൾക്ക് പകർന്നു കൊടുക്കാൻ കഴിഞ്ഞു. 1924- ലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായതാണ് പുതുവൈപിൻ. 1341- ലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായതാണ് വൈപ്പിൻ. എവിടെയും രേഖപ്പെടുത്താതെ പോയ വെള്ളപ്പൊക്കങ്ങൾ? കേരളത്തിലെ സ്ഥലനാമങ്ങളിൽ ചരിത്രം രേഖ പ്പെടുത്തിയിട്ടുണ്ട്: വൈക്കം, വക്കം, വെച്ചൂർ, ബേപ്പൂർ എന്നിവ ഉദാഹരണങ്ങൾ. കടൽ കരയായിത്തീർന്നതിന് നിരവധി ഉദാഹരണങ്ങൾ.
കിഴക്കൻ തീരത്ത് കോർക്കൈ എന്ന തുറമുഖം ഇന്ന് എവിടെ? അത് കടലിൽ നിന്നും നദിയിൽ നിന്നും ഏറെ അകലെയാണ്. ദക്ഷിണേന്ത്യൻ ചരിത്രം എന്ന ഗ്രന്ഥത്തിൽ കെ. എ. നീലകണ്ഠ ശാസ്ത്രി ഇങ്ങനെ എഴുതുന്നു: " കൊറോമണ്ടൽ തീരത്തിൻെറ നിരപ്പിൽ പുരാതന ചരിത്ര കാലങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്ക് പല വിധത്തിലാണ് സാക്ഷ്യങ്ങൾ നൽകപ്പെടുന്നത്. ഒരു കാലത്ത് സമ്പന്ന വാണിജ്യ നഗരങ്ങൾ ആയിരുന്നവയും പതിമൂന്നാം നൂറ്റാണ്ടിൽ പുഷ്ടി പ്രാപിച്ചവയുമായിരുന്ന കോർക്കൈ, കായൽ എന്നീ നഗരങ്ങൾ ഇപ്പോൾ സമുദ്രത്തിൽ നിന്നും മൈലുകൾ അകലെ പൂഴി മണൽ കുന്നുകളിൽ ആണ്ടു പോയിരിക്കുകയാണ്."
ആല, ആലം: ഗോത്രങ്ങൾ അടയാളമിട്ട സ്ഥല നാമങ്ങൾ.
വെള്ളം, കടൽ എന്നൊക്കെയാണ് ആല, ആലം എന്നീ പദങ്ങളുടെ അർത്ഥം ( ശബ്ദതരാവലി). 60,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്നും ഇര തേടി കേരളക്കരയിൽ എത്തിയവർ എങ്ങനെയുള്ള കേരളം ആയിരിക്കാം കണ്ടത്? കടക്കരയിലൂടെയാണ് യാത്ര. യാത്ര എന്നു പറയുന്നത് ആശയക്കുഴപ്പം ഉണ്ടാക്കും. ആഹാരം തേടിയുള്ള അലച്ചിൽ. പല പല കൂട്ടങ്ങൾ. ആണും, പെണ്ണും, കുട്ടികളും ഉൾപ്പെട്ട സംഘങ്ങൾ. എവിടെയും സ്ഥിര താമസം ഇല്ല. ഓരോ കൂട്ടത്തിനും ഓരോ അധിവാസ മേഖല ഉണ്ടായിരിക്കും. ഒരു കൂട്ടത്തിൻ്റെ അധിവാസ മേഖലയിൽ അന്യൻ കയറിയാൽ പ്രതിരോധിക്കും. വെവ്വേറെ കൂട്ടങ്ങൾ ആയതുകൊണ്ട് ഭാഷയിലും വൈവിധ്യം ഉണ്ടാകാം. സാദൃശ്യവും കണ്ടേക്കാം. ഇങ്ങനെയുള്ള കൂട്ടത്തെ ഗോത്രം എന്ന് പറയുന്നു. ഗോത്രത്തിൽ കുടുംബം ഉണ്ടോ. ഉണ്ട്. എന്നാൽ അങ്ങനെ ഒരു ആശയം രൂപം കൊള്ളുന്നില്ല. അമ്മയുണ്ടോ? ഉണ്ട്. പക്ഷെ, എല്ലാ പെണ്ണുങ്ങളും കൂടിയാണ് കുഞ്ഞിനെ വളർത്തുന്നത്. കടൽക്കര ആയിരുന്നല്ലോ സഞ്ചാര വഴി. വന്ന വഴി ഒരു പക്ഷെ സ്ഥല നാമങ്ങളിൽ അടയാളമായിട്ടുണ്ട്. അതിൽ ഒരു കൂട്ടം സ്ഥല നാമങ്ങൾ ആല/ ആലം മുൻ വെപ്പ് ആയി കേരളത്തിൻ്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയുണ്ട്. വിശദമായി അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://thottungalbeypore.blogspot.com/2021/08/blog-post.html
കേരളത്തിൻ്റെ അതിർത്തിയും കടന്ന് ആല/ആലം മുൻ വെപ്പായി വരുന്ന സ്ഥലങ്ങൾ തമിഴ് നാട്ടിലേക്ക് കടക്കുന്നു. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://thottungalbeypore.blogspot.com/2021/09/blog-post.html
ആല, ആലം എന്നീ വാക്കുകളുടെ ഉല്പത്തിയെ കുറിച്ച് ശബ്ദതരാ വലി ഒരു സൂചനയും തരുന്നില്ല. ഈ വാക്കുകൾ ഇന്ന് ഈ അർഥത്തിൽ ലുപ്ത പ്രചാരം. കടലിനെ കുറിക്കുന്നു വേറെയും നിരവധി വാക്കുകൾ നിഘണ്ടുവിൽ ഉറങ്ങുന്നുണ്ട്.
കടലിനെ കുറിക്കുന്ന ഭാഷാ പദങ്ങൾ
പരപ്പ്, പരവ, വരി, വാരി, വാരം, പവ്വം, നേമി, മുന്നീർ, പുണരി, ആഴി, അളക്കർ, ആർക്കലി, ഓലം, ഓതം, പാല തുടങ്ങിയ വാക്കുകൾ. കൂടാതെ അത്തി, അരി എന്നീ തമിഴ് വാക്കുകൾ. ഇവയിൽ ചിലതൊക്കെ സ്ഥല നാമങ്ങളിൽ ലീനമായിട്ടുണ്ട്. പരപ്പനാട്, പരപ്പനങ്ങാടി, പരപ്പിൽ, പരപ്പേരി, പറവൂർ, നേമം, വരക്കൽ, വരിക്കോളി, അരിയല്ലൂർ, അത്തിക്കോട്, പാവങ്ങാട്, പാലാഴി, പാലയൂർ, പാലക്കാട് പാലക്കൽ, പൂണാർ വളപ്പ്, ഓലശ്ശേരി കടവ്, ഒതയത്ത് എന്നിവ കേരളത്തിലെ സ്ഥല നാമങ്ങളിൽ ചിലതാണ്.
മുച്ചീരി, മുസിരി, മുസിരിസ്
അറബിക്കടൽ ഒരിക്കൽ സഹ്യാദ്രിയോട് ചേർന്നു കിടന്നു എന്ന അറിവ് പാലക്കാട് ചുരത്തെ കടലിനോട് ചേർക്കുന്നു. കോങ്ങാട് കൊങ്ങുനാടിൻ്റെ പ്രവേശന കവാടം. കോങ്ങാട് ഗ്രാമ പഞ്ചായത്തിലെ സ്ഥലമാണ് മുച്ചീരി. പിൻ കോഡ് -676831. പാറശ്ശേരി, ചെറായ, മാണിക്കശ്ശേരി എന്നിവ സമീപ പ്രദേശങ്ങളാണ്. എന്നാൽ, കാവേരിയുടെ വലതു കരയിൽ മറ്റൊരു മുസിരിയുണ്ട്. തിരുച്ചിറപ്പള്ളി ജില്ലയിലെ മുനിസിപ്പൽ പട്ടണം. ഈ മുസിരിക്കും ചേരൻമാരുടെ മുസിരിയാകാൻ യോഗ്യതയുണ്ട്. സേരനാട് എന്നു പറയുന്ന സേലത്ത് നിന്നും ഏറെ അകലെയല്ല മുസിരി. റോമൻ സ്വർണ്ണ നാണയങ്ങൾ കുഴിച്ചെടുത്ത കരൂരിൽ നിന്നും ഏറെ അകലെയല്ല മുസിരി. നമ്മുടെ ചരിത്രകാരൻ മുസിരിസ്നു മുയിരികോട് എന്ന പേര് ചാർത്തുമ്പോൾ തമിഴ് നാട്ടിലെ മുസിരിക്കടുത്ത് മയിരികോട്ടി എന്ന സ്ഥലമുണ്ട്. നമ്മുടെ ചരിത്രകാരൻ തുണ്ടിസ് എന്നു വിളിക്കുന്ന തൊണ്ടിയും തമിഴ് നാട്ടിൽ ഉണ്ട്. രാമനാഥപുരം ജില്ലയിൽ. തൊണ്ടിയെ മുസിരിയുടെ സാറ്റലൈറ്റ് പോർട്ട് എന്നാണ് വിക്കി ചരിത്രകാരൻ പറയുന്നത്. തമിഴ് നാട്ടിലെ തൊണ്ടിയും ഇവിടെ കേരളത്തിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന (കൃത്യം എവിടെ എന്ന് ഇനിയും ഗണിച്ചിട്ടില്ല ) തൊണ്ടിയും തുറമുഖം തന്നെ. പെരിപ്ലസ് ഓഫ് ഏറിത്രിയനിൽ കേപ്രബോതോ എന്നു കണ്ടപ്പോൾ തന്നെ അത് കേരളമാണെന്ന് നമ്മുടെ ചരിത്രകാരൻ തീരുമാനിച്ചു. രണ്ടിലും നീണ്ട ' കേ' ഉള്ളപ്പോൾ മറ്റൊന്നും നോക്കേണ്ട. ഇങ്ങനെ യുള്ള ചരിത്ര നിർമ്മിതിയിൽ നിന്നും മാറി നടക്കുകയാണ് ഗ്രന്ഥ കർത്താവ്.
ആഫ്രിക്കയിൽ നിന്നും വന്ന ഗോത്രങ്ങൾ വ്യത്യസ്ത ഭാഷാ ഗോത്രങ്ങൾ ആയിരിക്കണം. വ്യത്യസ്ത കാലങ്ങളിൽ ആയിരിക്കാം അവരുടെ കുടിയേറ്റം. കേരളത്തിൻ്റെ ഭൂമിശാസ്ത്രം കഴിഞ്ഞ 60,000 വർഷങ്ങൾക്കിടെ നിരന്തര മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടാവാം. 30,000 വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്ക ഇന്ത്യൻ ഉപ ഭൂഘണ്ഡത്തിൽ നിന്നും അകന്നു എന്ന് പുസ്തകത്തിൽ ഒരിടത്ത് സേതുരാമൻ പറയുന്നു. പൂർവ്വഘട്ടം പശ്ചിമ ഘട്ടത്തെക്കാൾ പഴയത് എന്ന അറിവ് ഭൗമ ശാസ്ത്രജ്ഞർ തരുമ്പോൾ മൺസൂൺ മഴയുടെ പതനത്തിൻ്റെ ചരിത്രവും മാറേണ്ടതുണ്ട്. പക്ഷെ നമ്മുടെ ചരിത്രകാരൻമാർ ഇന്നത്തെ കേരള ഭൂമി ശാസ്ത്രത്തിൽ നിന്നു കൊണ്ടാണ് പണ്ടത്തെ ചരിത്രം ഉണ്ടാക്കുന്നത് ( കണ്ടെത്തുകയല്ല ).
പൂർവ്വ പശ്ചിമ തീരത്തെ കുളി, അതും ഒരു പകൽ കൊണ്ട്.
ചേരരാജാവ് ഇമയരമ്പൻ്റെ അനുജൻ്റെ പൂർവ്വ പശ്ചിമ തീരത്തെ കുളിയെക്കുറിച്ച് സേതുരാമൻ വിവരിക്കുന്നു. ഒരു പകൽ കൊണ്ടാണ് രണ്ടു സമുദ്രത്തിൽ കുളിക്കുന്നത്. കന്യാകുമാരിയിൽ ആണോ കുളിച്ചത്? കുമാരി= കൊമ്പായഏരി= കൊമ്മേരി. കന്യാ= ഏറ്റവും പുതിയ. കൃഷി ഇറക്കാത്ത സ്ഥലം. സ്ഥലനാമം തന്നെ കരവെപ്പ് എന്ന് സൂചിപ്പിക്കുന്നു. എന്നാൽ കന്യാ കുമരയിൽ അല്ലെന്ന് പിന്നീട് വരുന്ന പദങ്ങൾ സൂചിപ്പിക്കുന്നു. അയിരമലയിൽ വാണരുളിയ കുല ദൈവമായ ഭദ്ര കാളിയെ സ്വയം രചിച്ച സ്ത്രോത്രം കൊണ്ട് വാഴ്ത്തി സ്തുതിക്കുകയും ചെയ്തു. അരിയമലയെ ശബരിമലയായി ജ്ഞാനസ്നാനം ചെയ്യിച്ചതാണോ? ചരിത്രത്തിൻ്റെ പിന്നാമ്പുറങ്ങളിൽ അങ്ങനെയും കഥയുണ്ട്. മാത്രമല്ല പത്തനം തിട്ടയിൽ കടപ്ര എന്ന സ്ഥലമുണ്ട്. പണ്ട് കടൽ ആയിരുന്നോ കടപ്ര? പതിനെട്ടാം നൂറ്റാണ്ടിനു മുമ്പുള്ള തെക്കേ ഇന്ത്യ യുടെ ഭൂപടം നെറ്റിൽ നിന്നും എടുത്തു നോക്കൂ.
പട്ടണം എന്ന പുതിയ മുസിരിസ്
മുസിരിസ്നു പുതിയ അവകാശിയായി പറവൂരിനടുത്തെ പട്ടണം എത്തിയിരിക്കുന്നു. ഇപ്പോഴിതാ കൊടുങ്ങല്ലൂരും പട്ടണവും തമ്മിൽ മുസിരിസ് പട്ടത്തിന് മത്സരം തുടങ്ങി. രണ്ടു ഭാഗത്തും ചരിത്രം മെനയുന്നവർ വാക് യുദ്ധ ത്തിനു കോപ്പു കൂട്ടുന്നു. ഒരു പക്ഷെ പട്ടണത്തു നിന്നു കിട്ടിയ ചട്ടി കലം കഷണങ്ങൾ മൂന്നാറിൽ നിന്നും ഒലിച്ചു വന്നതാവം. പഴയ മൂന്നാർ പട്ടണം 1924 ലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. 1341 ൽ അതിലും വലിയ വെള്ളപ്പൊക്കം ഉണ്ടായ തായി ചരിത്രകാരൻ തന്നെ പറയുന്നുണ്ട്. അതിനു മുമ്പ് പത്താം നൂറ്റാണ്ടിലും, അതിനും മുമ്പ് അഞ്ചാം നൂറ്റാണ്ടിലും പ്രളയം ഉണ്ടായതായി അവർ തന്നെയാണ് പറയുന്നത്. ഏതായാലും ഇപ്പോൾ കിട്ടിയ മൺ പാത്ര കഷണങ്ങളുടെ കാല
നിർണ്ണയം ഇതു വരെ നടത്തിയിട്ടില്ല. അതിനും മുമ്പേ പട്ടണം മുസിരിസ് എന്നു തീരുമാനിച്ചു.
വർത്തമാന തലമുറയിലെ യുവാക്കളുടെ ശാരീരിക പ്രത്യേകതകൾ പഠിക്കാൻ ആവശ്യമായ വിവരങ്ങൾ മാട്രിമോണിയൽ സൈറ്റിൽ നിന്നും ശേഖരിച്ച്, അത് മുൻകാല ഡാറ്റയുമായി താരതമ്യം ചെയ്ത് ജാതി ഭേദമന്യെ യുവാക്കളുടെ ഉയരം വർദ്ധിച്ചു എന്ന് കണ്ടെത്തി യിരിക്കുന്നു. ഭക്ഷ്യ ലഭ്യതയിലെ വർദ്ധനവ് ഉയരക്കൂടുതലിന് കാരണമയിട്ടുണ്ട്. തൊലി വെളുപ്പിന് മുൻഗണന കല്പിക്കുന്നതും പുതു തലമുറയുടെ പ്രത്യേക തയായി മാട്രിമോണിയൽ സൈറ്റിലൂടെ അദ്ദേഹം കണ്ടെത്തുന്നു. വ്യവസായവൽക്കരണം അധിവാസ മേഖലയിൽ നിന്നും, പൂന നഗരത്തിൻ്റെ പുറമ്പോക്കിലേക്ക് തള്ളിയ ആദിവാസി സമൂഹത്തിൽ പ്രാചീന സംസ്കൃതിയുടെ അവശേഷിപ്പുകൾ കണ്ടെത്തിയ ഡി.ഡി. കൊസാംബിയുടെ രീതിയു മായി ഇതിനെ താരതമ്യം ചെയ്യാം. ടെക്സ്റ്റ് ബുക്കുകൾക്ക് പുറത്തുള്ള അന്വേഷണം.
നായരും ഈഴവരും
നായരുടെ പരമ്പരാഗത തൊഴിൽ സൈനിക സേവനം, ഈഴവരുടെത് കള്ളു ചെത്ത് എന്ന ധാരണ നമ്മുടെ സമൂഹത്തിൻ്റെ പൊതു ബോധത്തിൽ ഉണ്ട്. ഇത് വസ്തുതാപരമല്ലെന്ന് വാർഡ് & കോണർ സർവ്വെ റിപോർട്ട് മുൻ നിർത്തി ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. പത്ത് ശതമാനത്തിലും താഴെ ഈഴവരും നായരും മാത്രമേ പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടിരുന്നു ള്ളു. കൂടുതൽ പേരും കർഷകർ ആയിരുന്നു. ഒരു ജാതിക്കാരും അവർക്കായി അടയാളപ്പെടുത്തിയ ജോലിയിലായിരുന്നില്ല ഏർപ്പെട്ടിരുന്നത്. ബ്രാഹ്മണർ ഒഴിച്ചു ബാക്കി എല്ലാവരും കാർഷിക വൃത്തിയിലായിരിക്കാം ഏർപ്പെട്ടത്. ബ്രാഹ്മണരും മറ്റുള്ളവരെ ആശ്രയിച്ച് കൃഷി കൊണ്ടു നടന്നു. മറ്റു കൈത്തൊഴിൽ ചെയ്യുന്നതിന് ശിക്ഷണം ആവശ്യമായതിനാൽ അതിലേക്ക് വരുന്നവർക്ക് പാരമ്പര്യമായി മാത്രമേ വരാൻ കഴിയൂ. നായരുടെയും ഈഴവരുടെയും മുക്കുവരുടെയും തൊഴിലിൽ കുറച്ചു അപകടം പതിയിരിക്കുന്നു. അതുകൊണ്ടാണ് എല്ലാ നായരും എല്ലാ ഈഴവരും അതിനു തയ്യാറാവാത്തത്. മുക്കുവരുടെ കാര്യത്തിൽ എല്ലാവരും കടലിൽ പോയിരുന്നു എന്ന് പറയാൻ ഒക്കില്ല. വെള്ളിയാഴ്ച ജനിക്കുന്ന മുക്കുവ കുഞ്ഞുങ്ങളെ ഇസ്ലാം ആയി വളർത്തണമെന്ന തിട്ടൂരം സമൂതിരി ഇറക്കിയത് കടലിൽ പോകാൻ ആളെ കിട്ടാത്ത പാശ്ചാത്തലത്തിൽ ആണെന്ന് ഓർക്കുക. ഒരു സ്ഥിരം സൈന്യം മാർത്താണ്ഡ വർമ്മയുടെ കാലം വരെ കേരളത്തിലെ നാടു വാഴികൾ കൊണ്ടു നടന്നില്ല എന്നതും സ്മരണീയമാണ്. കേരളത്തിലെ വൈദ്യനും മന്ത്രവാദിയും വെളിച്ചപ്പാടും ഒക്കെ തന്നെ കൃഷി ഉപജീവനം ആക്കിയവരാണ്. അതിനു തക്ക വളർച്ചയെ ദേശങ്ങളുടെ സമ്പദ് വ്യവസ്ഥക്ക് ഉണ്ടായിരുന്നുള്ളൂ. പുഴ കീറി മുറിച്ച് തുരുത്താ ക്കിയ മണ്ണിൽ പേരിനു പോലും പാല മില്ലാത്തിടത്ത് ഒറ്റയടി പാതയിലൂടെ ചുമടുമായി ആളുകൾ നടന്നതിൻ്റെ അവശഷിപ്പാണ് അത്താണി, അത്താണിക്കൽ എന്നീ സ്ഥലനാമങ്ങൾ. ഇവിടേയ്ക്ക് കേരള ചരിത്രകാരൻ തൻ്റെ ഭാവനയുടെ ചിറകിലേറ്റി കൊണ്ടു വന്നതാണ് ചേര സാമ്രാജ്യം.
കൂടി പാർക്കലും കൂടെ പാർക്കലും
റവറണ്ട് സാമുവേൽ മറ്റീർ കേരള യുവതികളെ ക്കുറിച്ച് എഴുതിയത് ഇങ്ങനെ പോകുന്നു എന്ന് ഗ്രന്ഥകാരൻ : "ദരിദ്രവും ആഡംബരം കുറഞ്ഞതുമായ കൂട്ടു കുടുംബങ്ങളിലെ സ്ത്രീകൾ സ്വയം ജാതിക്കാരനായ പങ്കാളികൾ ക്കൊപ്പം പോയി പാർക്കുന്നു." മറ്റീർ അങ്ങനെ എഴുതിയതിൽ പുതുമയൊന്നും ഇല്ല. സ്ത്രീകൾ സമൂഹത്തിൽ നിലവിലുണ്ടായിരുന്ന പഴയ രീതി തുടരുകയായിരുന്നു. പുതിയ രീതി കൈക്കൊണ്ടത് സമ്പന്നർ ആയിരുന്നു. അതിനവരെ സഹായിച്ചത് കൃഷിയിൽ നിന്നും കച്ചവടത്തിൽ നിന്നും നേടിയ മിച്ചവും. ഗോത്ര ജീവിതം ജാതി സമൂഹം ആയി മാറിയതോടെ ഗോത്രങ്ങളിലെ കൂടി പാർക്കൽ കൂടെ പാർക്കലിന് വഴി മാറുന്നു. കൂടി പാർക്കലിൽ ഗോത്ര ജീവിതത്തിൽ സ്ഥിരം പങ്കാളി ഉണ്ടാവില്ല. ആധുനിക ലോകത്തും ഇങ്ങനെയുള്ള ജീവിത രീതി പിന്തുടരുന്നു വിശ്വാസി സമൂഹം ( sect ) കണ്ടേക്കാം. Pairing തടയാനായി കൈക്കൊള്ളുന്ന രീതിയാണ് ഇത്. സ്ത്രീയുടെ ഇഷ്ടത്തിനൊത്ത് ലൈംഗികത, പക്ഷെ, പ്രണയം വേണ്ട. ഇതാണ് യുക്തി. എൻ്റെ ഭാര്യ,എൻ്റെ മകൻ,എൻ്റെ മകൾ എന്നീ സ്വത്വങ്ങൾ ഇല്ല. ഗോത്രങ്ങൾക്ക് തുല്യമായ കമ്മ്യൂൺ.
മുലകുടി മാറിയ കുഞ്ഞുങ്ങളെ അമ്മയുടെ അധിവാസ മേഖലയിൽ നിന്നും പുതിയ അധിവാസ മേഖലയിലേക്ക് മാറ്റുന്നു. ഗോത്ര ജീവിതത്തിൽ ഇത് സ്വാഭാവികമാണെങ്കിൽ ഇവിടെ കൃത്രിമമായി ഉണ്ടാക്കി എടുക്കുന്നു. ഒരു തരം ബലപ്രയോഗം ഇതിലുണ്ട്.
കൃഷിയും പശു പരിപാലനവും തൊഴിൽ ആക്കിയ കമ്മ്യൂണിൽ ജനിച്ചു വളരുന്ന കുട്ടി പ്രാചീന കേരളത്തിലെ തുരുത്തിൽ ജീവിക്കുന്ന അവസ്ഥയിലകുമോ?
ആധുനിക സൗകര്യങ്ങൾ വേണ്ടെന്ന് വെക്കുന്ന വേറെയും വിശ്വാസി സമൂഹങ്ങൾ ലോകത്ത് ഉണ്ട്. അമേരിക്കയിലെ അമീഷുകൾ. വൈദ്യുതിയും മോട്ടോർ വാഹനങ്ങളും അമീഷ് സമൂഹം സ്വീകരിക്കുന്നില്ല.
ജാതിയുടെ പുനർ നാമകരണം, ജാതി മാറൽ
1914 - ൽ നായർ സർവീസ് സൊസൈറ്റിയുടെ പതിനഞ്ച് നേതാക്കളിൽ ഒരാൾക്കു മാത്രമാണ് നായർ എന്ന പദവി ലഭിച്ചതെന്ന് ഗ്രന്ഥകാരൻ പറയുന്നു. ആന്ധ്രയിൽ ഭൂ ഉടമയായ കമ്മ നായിഡു ആകുന്നു. തുടർന്ന് കാപ്പു ജാതിയും നായിഡു ആകുന്നു. റയാലസീമയിൽ ശുദ്ര ജാതിക്കാർ റെഡ്ഡിയായി. തമിഴ് നാട്ടിൽ കള്ളർ, മറവർ, അകമുടൈയർ എന്നീ ത്രി ജാതിക്കാർ തേവർ എന്ന പദവി സ്വയം സ്വീകരിക്കുന്നു. ദേശവാഴിയുടെ കരം പിരിവ് കഠിന മാകുമ്പോൾ ഗ്രാമം ഉപേക്ഷിക്കുന്ന കർഷകർ പുതിയ കുടിയേറ്റ സ്ഥലത്ത് ജാതി ശ്രേണിയിൽ ഒരു പടി കയറി നിൽക്കുന്നു.
ജാതി അടയാളമായ സ്ഥലങ്ങൾ
ജാതി അടയാളമായ സ്ഥലങ്ങൾ കേരളത്തിൽ കുറവെന്ന് ഗ്രന്ഥകാരൻ അഭിപ്രായ പ്പെടുന്നു. ഇതു ശരിയല്ല. നയാരങ്ങാടി, നായർകുഴി, നായന്മാർ മൂല, തിയ്യക്കണ്ടി, ഇഴുവാതുരുത്ത്, പാപ്പിനി വട്ടം, പാപ്പിനിശ്ശേരി, ( പാപ്പിനി= ബ്രാഹ്മണരിലെ ഒരു വിഭാഗം) തച്ചർക്കണ്ടി, കണിയാമ്പറ്റ, മാറഞ്ചേരി, മാറാട്, ( മറവർ = കളവും, കൊള്ളയും തൊഴിലാക്കിയ ഗോത്രങ്ങൾ. ഇന്ന് അവർ താഴ്ന്ന ജാതിയിൽ ലയിച്ചു ചേർന്നു) ഒറവൻ തുരുത്ത് ( ഖുർഖ് ഭാഷ സംസാരിക്കുന്ന ഗോത്രക്കാർ. കൊങ്കൺ തീരത്തു നിന്നും ചോട്ടാ നാഗപൂരിലേക്ക് കുടിയേറി. ദ്രാവിഡ ഭാഷയാണ് ഖുർഖ്. ജാർഖണ്ഡ്, വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ഇന്നു കാണപ്പെടുന്നു.) കാപ്പിരി തുരുത്ത്, കാപ്പിരിക്കാട് ( അടിമക്കച്ചവടത്തിൻ്റെ അവശേഷിപ്പ്. ഇവർ മറ്റു ജനവിഭാഗങ്ങളിൽ കലർന്നിട്ടുണ്ടാവാം.)
പുതിയ പഠനങ്ങൾ
ഹൈദരാബാദ് ആസ്ഥാനമായ സെൻ്റർ ഫോർ സെല്ലുലാർ മോളിക്യുലർ ബയോളജി എന്ന സ്ഥാപനത്തിൻ്റെ 2022 മാർച്ചിൽ പുറത്തിറങ്ങിയ പഠനം നായർ, തിയ്യ, ഈഴവ വേരുകൾ മധ്യ യൂറേഷ്യൻ സ്റ്റെപ്പിയിൽ കണ്ടെത്തിയിരിക്കുന്നു. നേരത്തെ തന്നെ ഡോക്ടർ ശ്യാമളൻ സ്വന്തം വേരുകൾ തേടി ജനിതക വഴിയിൽ സഞ്ചരിച്ചപ്പോൾ കിട്ടിയ ഫലവുമായി ഇത് ഒത്തു പോകുന്നു. ഡോക്ടർ ശ്യാമളൻ തൻ്റെ പഠനങ്ങൾ From North Africa to North Malabar എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.
👍👍
മറുപടിഇല്ലാതാക്കൂ👍
മറുപടിഇല്ലാതാക്കൂ