കേരളത്തനിമ: ഡോ. ആർ.ഗോപിനാഥൻ
2010 ജൂലായ് മാസത്തിൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്തെ ഹെറിറ്റേജ് സ്റ്റഡീസ്, പ്രസാധകൻ.
അക്കാദമിക് ചരിത്രകാരൻ്റെ പകർത്തിയെഴുത്ത് വായിച്ച്, ചരിത്ര പുസ്തകങ്ങൾ കാണുമ്പോൾ വഴി മാറി നടന്ന കാലത്ത് പി. കെ. ബാലകൃഷ്ണൻ്റെ ജാതി വ്യവസ്ഥയും കേരള സമൂഹവും വേറിട്ട അനുഭവം ആയിരുന്നു. ഇതും അതുപോലെ ശ്രദ്ധയെ പിടിച്ചു നിർത്തുന്ന അനുഭവം ആയി. ചരിത്രകാരൻ്റെ ജാതിബോധം ചരിത്രം അക്കാദമിക് തലത്തിൽ പഠിക്കാത്തവനോട് അസ്പൃശ്യത പുലർത്താൻ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് അക്കാദമിക് ചരിത്രകാരൻ പി. കെ. ബാലകൃഷ്ണനെ വെറും ഉടായിപ്പ് ആയി കണ്ടു. പി.കെ ഉയർത്തിയ ചോദ്യങ്ങളെ അവഗണിച്ചു.
ഗവേഷണത്തിൻ്റെ ഭാഗമായി കൂട്ടായ പഠനത്തിൻ്റെ ഫലമായുണ്ടായതാണ് ഗ്രന്ഥം. എ. ഡി ഒന്നാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടു വരെയാണ് പഠനത്തിനു വിധേയമാക്കിയത്. പ്രാചീന ഗോത്ര ജനതയുടെ ചരിത്രവും സംസ്കാരവും പരിശോധിക്കുന്നു. ശ്രമണ മതങ്ങളുടെ സംഭാവനകൾ പരിശോധിക്കുന്നു. മലയാള ഭാഷയുടെ ഉത്ഭവം പത്താം നൂറ്റാണ്ടിൽ ആണെന്ന നിഗമനം തെറ്റാണ് എന്ന് കണ്ടെത്തുന്നു. കേരളം എന്ന പേരിന് ചരിത്രവുമായി ബന്ധമില്ല എന്ന കണ്ടെത്തൽ, മറ്റൊരു പുതുമയാണ്. ചരിത്ര പഠനത്തിൽ പുരാണ, ഇതിഹാസങ്ങൾ എത്രത്തോളം സഹായകമാണ് എന്ന കേസരി ബാലകൃഷ്ണപിള്ളയുടെ ചിന്ത പിൽക്കാലത്ത് അവഗണിക്കപ്പെട്ടത് പഠനത്തിലെ പോരായ്മ തന്നെ. കേരളോല്പത്തി, കേരള മഹാത്മ്യം, മൂഷിക വംശം എന്നീ ഐതിഹ്യങ്ങൾ ചരിത്രമായി മക്കളെ പഠിപ്പിച്ച പാരമ്പര്യം നമുക്കുണ്ട്. എല്ലാ വിജ്ഞാന ശാഖകളും ഉപയോഗപ്പെടുത്തിയുള്ള അന്വേഷണം, ചരിത്രത്തിലെ കണ്ടെത്തലുകൾക്ക് ആവശ്യമാണ്. വേദങ്ങളും ഉപനിഷത്തുകളും, ഇതിഹാസ പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടി കഥകളും ഇവിടെ വർജ്യമല്ല. ഇവയൊക്കെ സത്യം അരിച്ചെടുക്കാനുള്ള അരിപ്പ ആയി വർത്തിക്കണം. കേരള സമൂഹത്തിൻ്റെ ചരിത്രം, പൈതൃകം, ഭാഷ, ആചാര വിശ്വാസങ്ങൾ മുതലായവ ഇന്നത്തെ കേരള ഭൂമിയിൽ മാത്രമായി അന്വേഷിക്കേണ്ടതല്ല. തെന്നിന്ത്യൻ സംസ്ഥാനങ്ങൾക്കും പുറമെ ഗുജറാത്ത് സിന്ധ് പ്രദേശങ്ങൾ വഴി മധ്യേഷ്യ വരെ നീളുന്നതാണ്.
സ്ഥലനാമങ്ങൾ ചരിത്രത്തിലേക്ക് തുറന്നിട്ട കിളി വാതിൽ ആയി പരിഗണന അർഹിക്കുന്നു. അക്കാദമിക് ചരിത്രകാരൻ അത് ഗൗനിക്കുന്നില്ല. കോഴിക്കോട് എന്ന പേരിൽ കോട്ടയുടെ അവശിഷ്ടം കാണുന്ന അ. ചരിത്രകാരൻ കൊല്ലത്തും കോഴിക്കോട് ഉള്ളതായി കാണുന്നില്ല. അടുത്തു തന്നെയുള്ള കോഴിക്കോടൻ കുന്നും കോഴിപ്പുറവും കാണാതെ പോകുന്നു. അ.ചരിത്രകാരൻ കോഴി കോയിൽ ആയും കോട് കോട്ടയായും വ്യാഖ്വാനിക്കുന്നു. കോഴി എന്ന വാക്കിന് നനവ്/ ഉറവ്; കോട് എന്ന വാക്കിന് പടിഞ്ഞാറ് എന്നീ അർത്ഥങ്ങൾ അ. ചരിത്രകാരൻ കാണുന്നില്ല. ചരിത്രം കണ്ടെത്തുകയല്ല, ഭാവനയിൽ അഭിരമിക്കുകയാണ് അയാൾക്ക് ഏറെ ഇഷ്ടം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ