പുസ്തകം: ഇന്ത്യാ ചരിത്രത്തിനൊരു മുഖവുര. രചന: ഡി.ഡി. കൊസാംബി

 നായാടിയും പ്രകൃതി വിഭവങ്ങൾ ശേഖരിച്ചും അതിജീവനം എന്ന രീതിയിൽ നിന്നും ആഹാരം സ്വയം ഉത്പാദിപ്പിക്കുന്ന സമ്പ്രദായത്തിലേക്ക് മാറിയതോടെ ഒരു സ്ഥലത്ത് സ്ഥിരമായി തമാസിക്കേണ്ടത് മനുഷ്യർക്ക്            ആവശ്യമായി വന്നു.  അമ്പും വില്ലും കുന്തവും കോരിയും കലപ്പക്ക് വഴി മാറി.  സൈന്ധവ സമതലത്തിൽ ഹാരപ്പന്മാരുടെ കൃഷി കോരി ഉപയോഗിച്ചുള്ളതായിരുന്നു എന്നാണ് കോസാമ്പിയുടെ നിഗമനം.  മഴയെ ആശ്രയിച്ചുള്ള കൃഷി ആയിരുന്നില്ല, പ്രത്യുത സപ്ത സിന്ധുവിലെ വെള്ളം അണ കെട്ടി നിർത്തി ആ വെള്ളം ഉപയോഗിച്ചുള്ള കൃഷി ആയിരുന്നു.  സ്ട്രാബോയെ മുൻ നിർത്തി അക്കാലത്ത് സൈന്ധവ തടത്തിൽ മഴ കുറവായിരുന്നു എന്ന് കോസാമ്പി വാദിക്കുന്നു.  മൺസൂൺ ഷിഫ്റ്റ്, അഥവാ വ്യതിയാനം ആണ് സൈന്ധവ നാഗരികതയുടെ അന്ത്യം കുറിച്ചതെന്ന വാദം പുതുതായി ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ല.   ആര്യന്മാരുടെ ഉപദ്രവം ആണ് സൈന്ധവ നാഗരികതയുടെ പതനത്തിൻെറ          നാന്ദി കുറിച്ചത് എന്ന് കൊസാമ്പി കരുതുന്നു. വൃത്രൻ എന്ന അസുരനെ ഇന്ദ്രൻ നിഗ്രഹിച്ചു എന്ന ഋഗ്വെദത്തിലെ പരാമർശം ഇതിന് ഉപോൽബലകമായി കൊസാമ്പി ചൂണ്ടിക്കാട്ടി.  ഇറാൻ, സാംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയ പണ്ഡിത രുടെ അഭിപ്രായത്തിൽ വൃത്രൻ = തടസ്സം, അണ.  അണകൾ തകർന്നതോടെ കൃഷി അസാധ്യമായി. കുതിരയും തേരും ഇരുമ്പുമായി എത്തിയ പ്രാകൃത ഗോത്രങ്ങളായിരുന്നു ആര്യന്മാർ.  ഉക്രൈനിലെ പുൽമേടുകൾ ആയിരുന്നു ആവാസ സ്ഥലം.  ഇടയ ഗോത്രങ്ങൾ ആയ ഇവരിൽ ഒരു കൂട്ടം      പുൽമേടുകൾ തേടി യൂറോപ്പിലേക്കും വേറെ ഒരു  കൂട്ടം ഏഷ്യ യിലേക്കും പരന്നു.  അങ്ങനെ ഏഷ്യ യിലെത്തിയവരാണ് സൈന്ധവരുടെ കൃഷി നശിപ്പിച്ചത്.   അവിടെ നിന്നും കിഴക്കോട്ട് നീങ്ങിയ ആര്യൻ ഗോത്രങ്ങൾ ഗംഗാ സമതലത്തിൽ ഉറപ്പിച്ചു. സൈന്ധവരിൽ നിന്നും സ്വാംശീകരിച്ച കൃഷി കൂടുതൽ ഫലപ്രദമായി ഇരുമ്പ് കൊഴുവയോടെ അവർ തുടങ്ങി.  ഗംഗാ സമതലത്തിലെ നഗരങ്ങൾ അങ്ങനെ അവർ നിർമ്മിച്ചെടുത്തു.  

നായാടി  ശേഖരണത്തിൽ നിന്നും ഭക്ഷ്യ          ഉല്പാദന ത്തിലേക്ക് ഉണ്ടായ മാറ്റം വളരെ സാവധാനത്തിൽ ആയിരുന്നു. എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് ആഹാരം തേടി ആഫ്രിക്കയുടെ പുറത്തേക്ക് വ്യാപിച്ചപ്പോഴും നായാടി ശേഖരൻ ആയി കഴിഞ്ഞു കൂടുകയായിരുന്നു മനുഷ്യ ജീവി. ഏറ്റവും പുതിയ അറിവു വെച്ച് 12000 വർഷങ്ങൾക്ക് മുമ്പ് തുർക്കിയിലെ ഗോബെക്ലി ടെപെ എന്ന സ്ഥലത്താണ് ആദ്യമായി കൃഷി തുടങ്ങിയത്.  കൃഷി തുടങ്ങുന്നതിനു മുമ്പേ മൃഗ പരിപാലനം സ്വായത്തമാക്കിയിരുന്നു.  ഇടയ ഗോത്രങ്ങൾ പരസ്പരം കൊള്ളയടിച്ചു അന്യരുടെ കാലി സമ്പത്ത് കൈക്കലാക്കിയിരുന്നു.  കൃഷിയുടെ ആവിർഭാവത്തോടെ ഭൂമിയിൽ സ്ഥിരതാമസം ആവശ്യമായിവരുന്നു.  അതുവരെ അതിർത്തി ബോധം ഉണ്ടായിരുന്ന മനുഷ്യ ജീവിയിൽ ഭൂമിയുടെ ഉടമസ്ഥബോധം ഉടലെടുക്കുന്നു. കലപ്പയുടെ സഹായത്തോടെ ഉത്പാദനം വർദ്ധിച്ചപ്പോൾ മിച്ചം കൈമാറ്റം ചെയ്യേണ്ടി വരുന്നു.  ഇത് വ്യാപാരത്തിൽ എത്തുന്നു. ഭൂമിയും മനുഷ്യനും ഉല്പാദനത്തിൻ്റെ അവശ്യ ഘടകങ്ങൾ ആകുന്നു.  ഇടയ ഗോത്രത്തിലെ          കാലിക്കവർച്ച കാർഷിക സമൂഹത്തിൽ ഭൂമിക്കും മനുഷ്യനും വേണ്ടിയുള്ള പോരാട്ടം ആയി മാറുന്നു.  

വ്യാപാരത്തിലെ മിച്ചം മൂലധനം സൃഷ്ടിക്കുന്നു.  മൂലധനത്തെ കൈകാര്യം ചെയ്തവർ ഉത്പാദന വ്യവസ്ഥയിലെ നാലാമത്തെ ഘടകം ആവുന്നു. ഉത്പന്നം ഉത്പാദകനിൽനിന്നും കൈവിട്ടു പോവുകയും അതിൻ്റെ സിംഹഭാഗവും അധ്വാനത്തിൽ നേരിട്ട് പങ്ക് ചേരാത്ത ന്യൂന പക്ഷത്തിൻ്റെ കൈകളിൽ വരികയും ചെയ്യുന്നു. ഗോത്രങ്ങൾ ജാതി സമൂഹം ആയി മാറുന്നു.  

ഗംഗാ സമതലത്തിലെ ആര്യൻ ഗോത്രങ്ങൾ ജാതി സമൂഹം ആയി മാറുന്ന നേർകാഴ്ചയുടെ ഏകദേശ വിശദീകരണം ഇവിടെ ലഭിക്കുന്നു.  ഈ ഗോത്രങ്ങളിൽ മുൻ നിരക്കാരായി കാശി, കോസലം, മഗധ എന്നിവ മാറുന്നു.  മഗധയാണ് പിന്നീട് മൗര്യ സാമ്രാജ്യമായി മാറുന്നത്.  മഗധൻ എന്ന വാക്കിന് വ്യാപാരി എന്നാണ് മനുസ്മൃതി നൽകുന്ന അർത്ഥം.  രാഷ്ട്രത്തിൻ്റെ നേതൃത്വ പദവിയിലേക്ക് വണിക് വിഭാഗം ഉയരുന്നത് നാം ഇവിടെ കാണുന്നു.  വർണ്ണാശ്രമ യുക്തി അപ്രസക്തമാകുന്നത് നോക്കുക. 

കൃഷിക്ക് ആവശ്യമായ വിത്ത് തൻ്റെ കൈവശം    ഇല്ലാതെ വരുന്ന കർഷകൻ അയൽക്കാരനോട് അത് കടം വാങ്ങി.  വിളവെടുപ്പ് കഴിഞ്ഞ് വിത്ത് തിരിച്ച് കൊടുക്കുമ്പോൾ ഒപ്പം വിളവിൻ്റെ ഒരു പങ്ക് ഉത്തമർണ്ണന് കൊടുക്കുന്നു.  ഇതിനെയാണ്            വൈദിക ഗ്രന്ഥങ്ങളിൽ  ' വൃദ്ധി ' എന്ന് വിളിച്ചു വന്നത്.  ഇതോടൊപ്പം പങ്ക് കൃഷിയെക്കുറിച്ചും പരാമർശം വൈദിക ഗ്രന്ഥങ്ങളിൽ കാണാം. ചരക്ക് കൈമാറ്റം നാണയ അധിഷ്ടിതമായപ്പോൾ വൃദ്ധിയുടെ സ്ഥാനത്ത് കടം, പലിശ എന്നീ ആശയങ്ങൾ വരുന്നു.  ഭക്ഷണം സുലഭമായപ്പോൾ ജനസംഖ്യാ വർദ്ധനവ് ഉണ്ടായി.  ഗംഗാ സമതലത്തിൽ അനേകം ആര്യൻ കുടിപ്പാർപ്പുകൾ രൂപം കൊണ്ടു. ഇതാണ് പിന്നീട് നഗരങ്ങൾ ആകുന്നതും, അതിലെ മുൻ നിരക്കാരായി കാശി, കോസലം, മഗധ എന്നിവ ഉദയം ചെയ്യുന്നതും.  മഗധയാണ് മൗര്യ സാമ്രജ്യമായി വളർന്നത്.

ബുദ്ധ മതവും മൗര്യ സാമ്രാജ്യവും സമാന്തരമായി വളരുകയായിരുന്നു.  ജാതിയായി പരിണമിച്ചു കൊണ്ടിരുന്ന ആര്യൻ ഗോത്രങ്ങളെ സമാധാനത്തിൻ്റെ വഴിയിലേക്ക് ബുദ്ധൻ്റെ തത്വോ പദേശങ്ങൾ സഹായിച്ചെങ്കിൽ സംഘങ്ങൾക്ക് ആളും അർത്ഥവും നൽകി മഗധൻ ഭരണകൂടം.

കലിംഗരെ കീഴ്പ്പെടുത്തിയ മൗര്യ ചക്രവർത്തി ഇനിയും തെക്കോട്ട് പോയിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി.  അക്കാലത്തെ യുദ്ധങ്ങൾ ഭൂമിക്കും സമ്പത്തിനും തോറ്റവരെ അടിമയാക്കുന്നതിനുമായിരുന്നു.  കൃഷി ഭൂമിയും അതിൽ പണിയാനായി അടിമകളും. ഇതു രണ്ടും മുഖ്യമായ ഉത്പാദന ഉപാധിയാണ്. ഇതു രണ്ടും അന്നത്തെ ദക്കാനിൽ പരിമിതമായിരുന്നു.   അതുകൊണ്ടായിരക്കാം ഇനിയും തെക്കോട്ട് പോകാതെ മഹാനായ ചക്രവർത്തി ജൈത്ര യാത്ര അവസാനിപ്പിച്ചത്.  വിവിധ ഗോത്രങ്ങളും ഭാഷയും സംസ്കാരവും പേറുന്ന വിശാലമായ ഭൂമികയെ വിളക്കി എടുക്കാൻ പര്യാപ്തമായ ഇന്ധനമായി ബുദ്ധൻ്റെ തത്വങ്ങളെ അദ്ദേഹം കണ്ടു. ഭരണകൂടത്തിനെത്തിരെ ഉയരുന്ന കലാപങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ പടച്ചട്ടയായി ബുദ്ധൻ്റെ മതം. മഗധൻ മതം എന്നാണ് കോസാംബി വിശേഷിപ്പിക്കുന്നത്.

 മൗര്യ സാമ്രാജ്യം അശോകന് ശേഷം ശക്തി ക്ഷയിച്ച് ഇല്ലാതായെങ്കിലും പിന്നീടു വന്ന ഭരണ കൂടങ്ങൾ ഭൂമിയും മറ്റു ദാനങ്ങളും നൽകി ബുദ്ധ സംഘങ്ങളെ ശാക്തീകരിച്ചു.   അളവില്ലാത്ത ഭൂ സ്വത്തും പണവും കരം പിരിക്കാനുള്ള അധികാരവും സംഘങ്ങളെ ദുഷിപ്പിച്ചു.  സമ്പന്നതയിലും സുഖലോലുപതയിലും മുഴുകിയ സന്യാസിമാർ ജനങ്ങളിൽ നിന്നും അകന്നു.  പരിഷ്കരിച്ച ബ്രാഹ്മണ മതം ഉയർന്നു വരുന്ന സമ്പന്ന വർഗ്ഗത്തിന് കൂടുതൽ സ്വീകാര്യമായി. നേരത്തെ തന്നെ ബുദ്ധ ജൈന മതങ്ങളുടെ പ്രചരണത്തിൽ ഏർപ്പെട്ടിരുന്ന ബ്രാഹ്മണരും വണി ക്കുകളും ബുദ്ധ ജൈന മതങ്ങളെ കയ്യൊഴിഞ്ഞു.

പ്രാചീന സമൂഹത്തിൻ്റെ അവശേഷിപ്പുകൾ ആധുനിക നഗരങ്ങളുടെ വക്കുകളിൽ കാണാവുന്നതാണ്.  വൻ വ്യവസായ ഉള്ളൊരുക്ക്,  കാട്ടിൽ നിന്നും കുടിയൊഴിപ്പിക്കുമ്പോൾ ആഹാരം തേടി നഗരത്തിൻ്റെ പുറമ്പോക്കിൽ എത്തുന്ന ഗോത്ര ജീവിതങ്ങൾ,  പൂനയിൽ, കൊസാമ്പിയുടെ വീടിൻ്റെ പരിസരത്തും ഉണ്ടായിരുന്നു.  ചരിത്രത്തിൻ്റെ അവശഷം ആയി മാറിയവർ ഏതു നഗരത്തിലും കാണാം. വിശ്വാസവും ആചാരവും മുറുകെ പിടിച്ച് ഏതോ പ്രാചീന ചരിത്ര ദശയിൽ ഫ്രീസ് ചെയ്യപ്പെട്ടവർ.  ചരിത്രം അവരിലൂടെയും വായിച്ചെടുക്കാൻ കൊസാമ്പി ശ്രമിക്കുന്നു. 


പുതിയ ഭൗമ ശാസ്ത്ര കണ്ടെത്തലുകൾ, പുരാവസ്തു വിശകലനം, ജനിതക ശാസ്ത്രം എന്നിവ ചരിത്ര പഠനത്തെ ഇന്ന് ഏറെ സമ്പന്നമാക്കിയിട്ടുണ്ട്. ഉത്പാദന ഉപാധികളുടെ നിയന്ത്രണത്തിനായി വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള മത്സരം ചരിത്രത്തിൻ്റെ ഗതിയിൽ ഉടനീളം കാണാം.  ഈ സംഘർഷങ്ങൾ കാണാതെ പോകുന്നവർക്ക് ചരിത്രത്തിൻ്റെ അടിയൊഴുക്കും അദൃശ്യമാകുന്നു.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കേരളത്തനിമ: ഡോ. ആർ.ഗോപിനാഥൻ

കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ - ടി. എച്ച്. പി. ചെന്താരശ്ശേരി

ഉണ്ണിയച്ചീ ചരിതം, ഉണ്ണിയാടീ ചരിതം