ഉണ്ണിയച്ചീ ചരിതം, ഉണ്ണിയാടീ ചരിതം

 പദ്യവും ഗദ്യവും ചേർന്ന മിശ്ര സാഹിത്യമാണ് ചമ്പു. പദ്യ ഗദ്യങ്ങൾക്ക് തുല്യ പ്രാധാന്യം ചമ്പുവിൽ.  പഞ്ചതന്ത്രം, ജാതകകഥ, കാദംബരി തുടങ്ങിയവ പദ്യ ഗദ്യങ്ങൾ കലർന്നതാണ്.  പക്ഷെ, അവയിലെല്ലാം ഗദ്യത്തിനാണ് പ്രാമുഖ്യം.  പ്രാചീന നാടകങ്ങൾ പദ്യ ഗദ്യ മിശ്രിത മാണെങ്കിലും അത് മറ്റൊരു സാഹിത്യ രൂപമാണ്.  ഇതിലെ ഗദ്യം ഇന്ന് നമ്മൾ prose എന്ന് വിളിക്കുന്ന വിഭാഗത്തിൽ വരില്ല.  ഇതിൽ ഏറ്റവും പഴയത് ഉണ്ണിയച്ചീ ചരിതം ആണെന്ന് അനുമാനിക്കാം.  കൃത്യമായ കാല ഗണന ഇതിൻ്റെ രചന സംബന്ധിച്ച് ഇല്ല.  ലീലാ തിലകം ഉണ്ടവുന്നതിനു മുമ്പേ ഉണ്ടായി എന്ന് ലീലാതിലകത്തിൽ ഇതിനെ പരാമർശിക്കുന്നതുകൊണ്ട് അനുമാനിക്കുന്നു.  ഉണ്ണിയച്ചി ചരിതം ആദ്യം ഉണ്ടായി എന്നു കരുതുന്നു.  ഉണ്ണിയാടീ ചരിതത്തിൻ്റെ ആദ്യ ഓല കാണുന്നില്ല.  അത് നഷ്ടപ്പെട്ടതാകാം എന്ന് വിദഗ്ധൻ.  പക്ഷെ, അങ്ങനെ ആവണമെന്നില്ല.  അത് എഴുതിയിട്ടുണ്ടാവില്ല.  എഴുതേണ്ട കാര്യമില്ല.  ഒന്നാമത്തെ ഓല ശിവസ്തുതി ആയിരിക്കും.  ഉണ്ണിയച്ചീ ചരിതം ചെയ്ത കൂത്ത് കലാകാരന്മാർക്ക് അത് ഹൃദിസ്ഥമായിരിക്കും.  അങ്ങനെ വേണ്ടെന്ന് ചിന്തിക്കാൻ വേറൊരു കാരണം കൂടിയുണ്ട്.  ഓലയിൽ എഴുത്ത് അത്ര എളുപ്പം അല്ല.  ഉണ്ണിയച്ചീ ചരിതം രചിച്ച തേവൻ ചിരീകുമാൻ അല്ല അത് പകർത്തി എഴുതിയത്.  പകർത്തി എഴുതിയത് മറ്റൊരു വ്യക്തി രാമൻ ചിരീകുമാൻ.  ഓലയിലെ എഴുത്ത് എല്ലാവർക്കും വശമില്ലാത്തത് തന്നെ കാരണം. പിന്നെ ഇത് വായിച്ച് ആസ്വദിക്കാൻ ഉണ്ടാക്കിയതല്ല.  കൂത്ത് ആടുന്നവർക്കുള്ള ഒരു കരട് ആയി മാത്രമേ ഇതിനെ കാണാനൊക്കു. കൂത്തിന് നൃത്തവുമായി ബന്ധമില്ല.  രംഗകലയാണ് കൂത്ത്.  ക്ഷേത്രങ്ങളിൽ ഇത് നടത്താൻ പ്രത്യേകം സ്ഥലം ഉണ്ടാകും.  അരങ്ങത്ത് ഒരാൾ മാത്രം.  കഥ പറയുക, കഥാപാത്രമായി അഭിനയിക്കുക ഒക്കെ ഒരാളാണ്.   അരങ്ങത്ത് ഒന്നിലധികം പേർ വന്നാൽ കൂടിയാട്ടം ആയി.  കൂത്ത് നങ്ങമാർ ചെയ്യുമ്പോൾ നങ്ങ്യാർ കൂത്ത്.   കൂത്തിൻ്റെ ഇതിവൃത്തത്തിൽ നിന്നും മാറി കാലിക വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ട്.

മണിപ്രവാളം ചമ്പു എന്ന് പറയുന്നതിന് കാരണം അതിൻ്റെ ഭാഷ.  സംസ്കൃതം, പഴയ മലയാളം, പഴയ തമിഴ് പദങ്ങൾ കൂടിച്ചേർന്ന ഭാഷ.  ഇത് സമാന്യ ജനങ്ങളുടെ വാമൊഴി ആകണമെന്നില്ല.  അങ്ങാടി ഭാഷ ആകാനും തരമില്ല.  അങ്ങാടിയിലെ മിശ്ര ഭാഷയിൽ സംസ്കൃതം ഉണ്ടായിരിക്കില്ല.  എന്നാൽ, മറ്റു പല ഭാഷകളും ഉണ്ടാകാൻ സാധ്യതയുണ്ട്.  ഉദാ: കന്നഡ, തെലുങ്ക്, റോം, ഗ്രീക്, ചീന എന്നിവിടങ്ങളിൽ അക്കാലത്ത് ഉണ്ടായിരുന്ന ഭാഷ.  കാരണം കുരുമുളകിൻ്റെ ഉപയോഗം അക്കാലത്തു തന്നെ പടിഞ്ഞാറൻമാർക്ക് അറിയാമായിരുന്നു.  കുരുമുളകിൻ്റെ കച്ചവടത്തിൽ ഇടനിലക്കാരായി ചെട്ടികളും കോമട്ടികളും മറ്റും ഉണ്ടായിരുന്നു.

 കൂത്തിൽ നിന്നുമുണ്ടായതാണ് പാഠകം.  ഇതിൻ്റെ അരങ്ങ് ക്ഷേത്രത്തിന് വെളിയിലായിരുന്നു.  ഒരു പക്ഷെ, കൂടുതൽ ആസ്വാദകരെ ആകർഷിക്കാനുള്ള സൂത്രം ആയിരിക്കാം.  കാരണം.  ഈ രംഗകലകളൊക്കെ ലക്ഷ്യം ആക്കിയത് നേരമ്പോക്ക് (  entertainment)   ആയിരിക്കും.  അപ്പോൾ അതിന് നിലനിൽക്കാനും വളരാനും ഒരു കമ്പോളം ആവശ്യമാണ്.  എന്തായാലും മണിപ്രവാളം മലയാള സാഹിത്യ ഭാഷയുടെ വളർച്ചയിലെ ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്നു.

മണിപ്രവാളം കൃതികൾ മലയാള ഭാഷാ ചരിത്രകാരനും,  ഭാഷാ ചരിത്ര ഗവേഷകനും, വിദ്യാർത്ഥിക്കും പ്രയോജനപ്രദമായ പഠന സാമഗ്രിയാണ്.  സാമാന്യ ജനത്തിന് വായിച്ചു രസിക്കാൻ ഉതകുന്ന കൃതികളല്ല. 

ഉണ്ണിയച്ചീചരിതം

സമൂഹ ശ്രേണിയിൽ രാജാവ് ബ്രാഹ്മണൻ്റെ മുകളിൽ നിന്ന കാലത്ത് രചിക്കപ്പെട്ടതാണ് ഈ കൃതി.  നായിക ഉണ്ണിയച്ചി നീലേശ്വരത്തെ അതിയമാനല്ലുരിൽ നിന്നും വന്നവളാണ്.  നീലേശ്വരം കണ്ണൂരിലാണ്.  എന്നാൽ അതിയമാനല്ലൂർ  മാഞ്ഞു പോയ സ്ഥലനാമം എന്ന് കരുതേണ്ടിയിരിക്കുന്നു. അതിയ നല്ലൂർ എന്ന സ്ഥലം തമിഴ് നാട്ടിലെ, കടലൂർ ജില്ലയിലെ പറങ്കി പേട്ടയിൽ ഉണ്ട്.  നങ്ങയുടെ മകൾ അച്ചി യുടെ മകൾ ഉണ്ണിയച്ചി എന്ന് വംശാവലി.  വംശാവലി ഉറപ്പിക്കുന്നത് പഴയ രീതിയാണ്.  വംശ മഹിമയിൽ ആളുകൾ അഭിരമിച്ച കാലം നങ്ങ, നങ്ങപ്പിള്ള എന്നീ വാക്കിന് ബ്രാഹ്മണ കന്യക എന്ന് ശബ്ദതാരാവലി അർത്ഥം കല്പിക്കുന്നു.  നങ്ങ്യാർ എന്നതിന് നടി എന്നും.  നങ്ങയുടെ ബഹുവചനമാണോ നങ്ങ്യാർ ? ഗദ്യ പദ്യ വിഭജനത്തിൻ്റെ യുക്തി എന്തെന്ന് വ്യാഖ്യാതാവ് വിശദീകരിക്കുന്നില്ല.  ഗദ്യത്തിൽ താളം ഉണ്ടെന്നാണ് പക്ഷം.  ഒരു പക്ഷെ, രംഗത്തു വരുന്ന കൂത്തച്ചൻ/കൂത്തച്ചി തൻ്റെ ശബ്ദ വിന്യാസം കൊണ്ട് സൃഷ്ടിക്കുന്നതാകാം. അകമ്പടി ആയി മിഴാവും ഇടക്കയും ഉണ്ടല്ലോ.
നായികയുടെ പാട്ട് ഭൂമിയിൽ ഇറങ്ങിയ ഗന്ധർവൻ പാട്ടിൻ്റെ ഉറവിടം തേടി പോകുമ്പോൾ ചട്ടനെ കാണുന്നു.  ചട്ടൻ അയാളെ ഉണ്ണിയച്ചിയുടെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുന്നു പോകുന്ന വഴിയിലും ഉണ്ണിയച്ചിയുടെ വീട്ടിലും കാണുന്ന കാഴ്ച ഗന്ധർവൻ വിവരിക്കുന്നതാണ് ഇതിവൃത്തം.

          പിന്നെ, ഇതിൽ എന്തോ വലിയ അശ്ലീലം ഉണ്ടെന്ന് പറഞ്ഞു പരത്തിയതും ആധുനിക കാലത്തെ കമ്പോള തന്ത്രം തന്നെ.  ചീത്ത വിളച്ചു ശ്രദ്ധ ആകർഷിക്കുക.  വിക്ടോറിയൻ സദാചാര മൂല്യങ്ങൾ പാലിച്ച് അടഞ്ഞുപോയ സമൂഹവും പരമ ലൈംഗിക ദരിദ്രരായ പുരുഷന്മാരും ഉള്ളിടത്ത് ഇത് ഒന്നാന്തരം കമ്പോള തന്ത്രം തന്നെ.  താരതമ്യേന തുറന്ന സമൂഹമായിരുന്നു എന്നത് ദേവദാസികൾ, വേശ്യകൾ എന്നിവരെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ സൂചിപ്പിക്കുന്നു.  തുറന്നു തന്നെ സുരതം ചോദിക്കുകയും അതിനുള്ള പ്രതിഫലം ആവശ്യ പ്പെടുകയും ചെയ്യുന്നു.  അന്നത്തെ സാമൂഹ്യ നില വെച്ച് ഇത് മൂല്യ ച്യുതിയായി കാണാൻ ഒക്കില്ല.  കാമം ജനിതകമായി കിട്ടിയ അതിജീവന ഉപാധി ആണെന്ന് പുതിയ ജീവശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തുന്നു.  അതിനെ പ്രേമം പ്രണയം എന്നൊക്കെ പൊലിപ്പിച്ചുണ്ടക്കിയത് കവികളും കലാകാരന്മാരും.


ഇതിൽ കാണുന്ന സ്ഥലങ്ങൾ, കഥാ പാത്രങ്ങൾ എന്നിവയിൽ ചിലത് കവിയുടെ ഭാവന യാകാനാണ് സാധ്യത.  ചിലതൊക്കെ നേരും. നേരും നുണയും കലർത്തി നിർമ്മിക്കുന്നതാണ് കല.  ഉദാ:- കണ്ടിയൂർ. മാവേലിക്കരയിലെ ഒരു കൊച്ചു സ്ഥലം. കണ്ടിയൂർ മഹാദേവക്ഷേത്രത്തിൻ്റെ വിലാസത്തിൽ ഇന്നും അതുണ്ട്.  തിരുമരുതൂർ എവിടെയും ഇല്ല.  എന്നാൽ മരുതൂർ അങ്ങനെയല്ല.  പട്ടാമ്പിയിൽ ഉണ്ട്.  തമിഴ് നാട്ടിൽ രണ്ടു സ്ഥലങ്ങൾ; ഒന്ന് നാഗപട്ടണത്തും മറ്റൊന്ന് തിരുനെൽവേലിയിലും. വ്യാഖ്യാതാവ് ഉദ്ദേശിക്കുന്ന മരുതോംകര കുറ്റ്യാടി ക്ക് അടുത്താണ്.  അത് തിരുമരുതൂർ ആണെന്ന് നിർണ്ണയിക്കാൻ മറ്റു തെളിവുകൾ ആവശ്യമാണ്.
ഗദ്യം നാലിൽ  തിരുമരുതൂരിനെ വർണ്ണിക്കുന്ന ഭാഗത്ത്, കൊല്ലവിഭൂതിം എന്നു തുടങ്ങുന്ന വരിയിലെ കൊല്ലം കുരക്കേണി കൊല്ലമെന്ന് വ്യാഖ്യാനം. പന്തലയാനി കൊല്ലം ആകാനും സാധ്യതയുണ്ട്.  അവിടെയും അക്കാലത്ത് ചൈനയിൽ നിന്നുള്ള വണിക്കുകൾ എത്തിയിരുന്നു എന്ന് ചംപ്രാണി നിറയെ പൊന്ന് തരാം എന്ന അങ്ങാടി വർത്തമാനം സാക്ഷ്യപ്പടുത്തുന്നുണ്ട്.
ഗദ്യം ആറിൽ മേടം മുതൽ മീനം വരെയുള്ള മാസങ്ങൾ/ രാശികൾ സന്നിവേശിപ്പിച്ചത് എടുത്ത് പറയേണ്ട ബുദ്ധി വ്യായാമം തന്നെ. 
നാലൂരിലെ ആഢ്യന്മാർ നാലു വർണ്ണങ്ങൾക്ക്   കൂടി മീതെ ഞങ്ങളെന്ന് വെറും വീമ്പു പറച്ചിൽ ആണോ?. നാലു വർണ്ണങ്ങൾ ഏതൊക്കെയെന്ന് വിസ്ഥരിക്കുന്നുമില്ല.  ഗോത്ര ജീവിതത്തിൽ നിന്നും ജാതി യിലേക്ക് പരിണമിക്കുന്ന ദശാസന്ധി ആയിരുന്നോ?

ഉണ്ണിയച്ചിയെ അടിമുടി വർണ്ണിക്കുന്ന വേളയിൽ കഴമ അരിക്ക് തുല്യമായ വെളുത്ത നഖങ്ങളെ വർണ്ണിക്കുന്നു.  ഉണ്ണിയാടി ചരിതത്തിലെ അങ്ങാടിയിൽ അരി കണ്ടില്ല. ഇവിടെ അങ്ങാടിയിൽ എന്തായാലും അരിയുണ്ട്. കോണി യയിൽ നെല്ലാണോ അരിയാണോ എന്ന് ചോദിക്കുന്നുണ്ട്. കരിമ്പടം കൊടുത്ത് കമ്പിളി വാങ്ങുന്നുണ്ട്.  പണം കൈമാറ്റത്തോടൊപ്പം ചരക്കു കൈമാറ്റവും ഉണ്ട്.   ചെറിയ ചീനക്കപ്പൽ (ചമ്പ്രാണി ) നിറയെ സ്വർണ്ണം തന്ന് എന്ന് പറയുന്നു.  ചരക്കിന് ചരക്ക് കൈമാറ്റം വേറെയും ഉണ്ട്.  മീനിൻ്റെ കൈമാറ്റം മുഴുവനും barter രീതിയാണ്.  അത് വിരൽ ചൂണ്ടുന്നത് സമ്പദ് വ്യവസ്ഥയുടെ ശോചനീയ അവസ്ഥയാണ്.   സമൂഹത്തിൻ്റെ താഴെ ശ്രേണിയിൽ പണം വരുന്നേ ഇല്ല എന്ന് ഇത് സൂചിപ്പിക്കുന്നു.  വ്യാഖ്യാതാവ് പറയുന്ന സമ്പൽ സമൃദ്ധി അല്ല അവിടെ കാണുന്നത്.  ആവശ്യങ്ങൾ വളരെ പരിമിതായിരുന്ന ഒരു സമൂഹത്തെയാണ്.

 പിൽക്കാലത്ത് ഉറച്ച അയിത്തം അന്ന് ഉണ്ടായിരുന്നില്ല എന്ന സൂചനയും തരുന്നു.  മാത്രമല്ല, ഈഴവ, തിയ്യ ജാതികളെ പരാമർശിക്കുന്നില്ല.  നായർ എന്ന് ഒരിടത്ത് മാത്രം കാണുന്നു.
ഗദ്യം ഇരുപത്തി ആറിൽ കാണുന്ന

നായരുടെ മീശ പുരി-
ഞ്ഞിരെൻ്റായിപ്പോലെൻ വാളിൻ

എന്ന വരികളിൽ കാണുന്ന നായർ നായകനോ ഭർത്താവോ ആകാം.

ദേശ വർണ്ണന, നായിക വർണ്ണന എന്നിവ പോലെ അങ്ങാടി വർണ്ണനയും അതിശയോക്തി കലർന്നതാണ്.   പൊങ്ങച്ചം പറയുന്ന വൈദ്യൻ, ഉണ്ണിയച്ചി അമ്പത് അയച്ചു കൊടുത്ത കാര്യം പറയുന്നു.  ആരുടെയെങ്കിലും പക്കൽ കൊടുത്തയച്ചതാകാം. 
ജ്യോത്സ്യന്മാരുടെ ബഡായി വർത്തമാനം.
മാണിക്ക് ചോറുമായി പോകുന്നു ബ്രാഹ്മണൻ ചെന്നു കയറുന്നത് ഉണ്ണിയച്ചിയുടെ ഭവനത്തിലാണ്.  അയാളുടെ അപ്പോഴ്ത്തെ അവസ്ഥയും വർത്തമാനവും.

ഉണ്ണിയാടീചരിതം

 ഉണ്ണിയാടീ ചരിതത്തിൻ്റെ രചയിതാവ് ദാമോദര ചാക്യാർ ആണെന്ന് അനുമാനം.  ഇതിൻ്റെ അസ്സൽ പതിപ്പിൽ അവസാനത്തെ ഓല ഇല്ല.  ഗ്രന്ഥ കർത്താവ് അവസാന ഓലയിൽ പ്രത്യക്ഷ പ്പെടുകയാണ് പതിവ്.  മറ്റു പലയിടങ്ങളിലും ഒരു കഥാപാത്രമായി ദാമോദര ചാക്യാർ വരുന്നുണ്ട്. 

ഇതിൽ വിവരിക്കുന്ന കണ്ടിയൂർ ആലപ്പുഴയിലെ മാവേലിക്കര അടുത്താണ്. മാവേലിക്കരയിൽ നിന്നും രണ്ട് കി.മി. ദൂരം. മഹാദേവ ക്ഷേത്രത്തിൻ്റെ പേരിലാണ് ഇന്ന് സ്ഥലം അറിയപ്പെടുന്നത്. കണ്ടിയൂർ തമിഴ്നാട്ടിലും ഉണ്ട്. തഞ്ചാവൂർ ജില്ലയിൽ.  കണ്ടീശ്വരാർ ശിവ ക്ഷേത്രം ഇവിടെയാണ്.

ഉണ്ണിയാടിയുടെ സൗന്ദര്യ വർണ്ണന.  ചെറുകര എന്ന സ്ഥലം എവിടെയാണെന്ന് അറിയില്ല.  മാവേലിക്കര താലൂക്കിൽ ചുനക്കര എന്ന സ്ഥലം ഉണ്ട്.  കൊല്ലം തേനി ദേശീയ പാതയിൽ മാവേലിക്കരയിൽ നിന്നും പത്ത് കി. മി. ദൂരത്തിൽ.  ചുന എന്ന വാക്കിന് മലയുറവ് എന്ന അർത്ഥം.  മലയുറവിൻ്റെ കരയിലെ ദേശം എന്ന് കരുതണം. ചുനക്കര എന്നത് വാ മൊഴിയിൽ ചെനക്കര ആയിട്ടുണ്ടവാം. ചെന എന്ന വാക്കിനും ശബ്ദ താരാവലി മലയുറവ്, ചോല എന്നീ അർത്ഥം കല്പിക്കുന്നു.
ചെറുകര എന്ന സ്ഥലം മലപ്പുറം പെരിന്തമണ്ണയിൽ. ഷൊർണൂർ നിലമ്പൂർ ലൈനിൽ ചെറുകര റെയ്ൽവേ സ്റ്റേഷൻ.
 കണ്ടി = വാതിൽ.  കണ്ടിയൂർ = വാതിൽ ആയ ഊർ.  പുഴയുടെ തീരത്ത് വള്ളം അടുപ്പിക്കാൻ കഴിയുന്ന സ്ഥലത്തെ വാതിൽ എന്ന അർഥത്തിൽ കണ്ടി, കാപ് എന്നൊക്കെ പറയുന്നു.  കാപ്പു കാട് ലോപിച്ച് കാപ്പാട് ആയി.  കണ്ടിയുരിന് അടുത്തുള്ള സ്ഥലം ചെട്ടികുളങ്ങര തമിഴ് വ്യാപാരികളുടെ സന്നിദ്ധ്യത്തെ കുറിക്കുന്നു.  മറ്റം അടുത്ത് തന്നെ ഉണ്ട്. മറ്റം = മേച്ചിൽ സ്ഥലം. കൃഷിയും കാലി വളർത്തലും തൊഴിലാക്കിയ സമൂഹം. ഉണ്ണിയാടിക്ക് ഒരു പൂർവ്വ ചരിത്രം ഉണ്ട്.  പ്രാവൃട്ട് എന്ന അപ്സരസ്സ് ചന്ദ്രൻ്റെ ഭാര്യ രോഹിണിയുടെ ശാപത്താൽ മനുഷ്യ സ്ത്രീ ആയി ജനിക്കുന്നു 
പദ്യം അഞ്ചു മുതൽ മുപ്പത്തഞ്ച് വരെ, ഗദ്യം ഒന്ന് മുതൽ ഏഴ് വരെ ഉണ്ണിയാടിയുടെ പൂർവ്വ ജന്മ മായ പ്രാവൃട്ട് എന്ന ഗന്ധർവ കന്യകയുടെ വംശാവലി വിശദീകരിക്കുന്നു കവി.  പാട്ടും കൂത്തുമായി നടക്കുന്ന ഗന്ധർവ വംശത്തിലെ അംഗമായ പ്രാവൃട്ട് ചന്ദ്രൻ്റെ ഭാര്യ രോഹിണിയുടെ ശാപം ഏറ്റു ഭൂമിയിൽ വന്നു പിറന്നു.  ശാപത്തിൻ്റെ കാരണം പ്രാവൃട്ട് അറിഞ്ഞില്ല.  ഉദയ മലയുടെ ചരിവിൽ കൂട്ടുകാരികളോടൊപ്പം കളിച്ചു കൊണ്ടിരുന്ന സുന്ദരിയായ പ്രാവൃട്ടിനെ കണ്ട് ചന്ദ്ര ദേവന് കാമം കയറി.  ഭൂമിക്കും ആകാശത്തിനും ഇടയിലാണ് ഗന്ധർവ ലോകം. ചന്ദ്രൻ്റെ സഞ്ചാര പഥം അതിലൂടെ കടന്നു പോകുന്നു.  ഈ സഞ്ചാര പഥത്തിന്ന് വിമാന വീഥി എന്നാണ് വ്യാഖ്യാതാവ് വിശേഷിപ്പിക്കുന്നത്.  പതിനാലാം നൂറ്റാണ്ടിൻ്റെ അവസാന പാദത്തിലാണ് കാവ്യ രചന എന്ന് ഓർക്കുക.  സഹികെട്ട ദേവൻ വഴിയിലെ വനസ്ഥലിയെ പ്രാപിക്കുന്നു. ഏതാനും നേരം അവളോടൊപ്പം കഴിയുന്നു.  വീട്ടിൽ എത്തിയ ദേവൻ്റെ ശരീര ലക്ഷണം കണ്ട് രോഹിണി കാര്യം അറിയുന്നു.  ദുഃഖവും കോപവും സഹിക്ക വയ്യാതെ ഇതിനു കാരണക്കാരിയായ പെണ്ണിനെ ശപിക്കുന്നു.  മനുഷ്യരെ പോലെ ക്ഷിപ്രകോപികളും പെട്ടന്ന് അലിയുന്നവരുമാണ് അവരുണ്ടാക്കിയ ദേവനും ദേവിയും.  ശാപം അറിഞ്ഞ പ്രാവൃട്ടിൻ്റെ പിതാവ് മണിശേഖരൻ ചെന്ന് രോഹിണിയുടെ കാൽക്കൽ വീണു.  അലിവു തോന്നിയ രോഹിണി ശാപത്തിൻ്റെ കാഠിന്യം കുറച്ചു.  മകൾക്ക് ഗീത വാദ്യ നൃത്തം അവിടെയും കുറവു വരില്ല.  മാത്രമല്ല ഒരു പുരു ഷായുസ്സ് കൊണ്ട് തീരും ശാപം.  ഇതാണ് ഉണ്ണി യാടിയുടെ ജന്മ രഹസ്യം.
ഉണ്ണിയാടി യൗവനയുക്തയായി. ഒരു ദിവസം അവ  ളുടെ ഗാനം ഭൂമിയിൽ നിന്നും ചന്ദ്രലോകം വരെയെത്തി.  ചന്ദ്രദേവന് അസുഖം തുടങ്ങി.  ഇരിക്കപ്പൊറുതി ഇല്ലാതായ ദേവൻ സുവാകനെയും മതിദീപനെയും വിളിച്ചു വരുത്തി.  രണ്ടു പേരും പ്രാവൃട്ടിൻ്റെ അർദ്ധ സഹോദരങ്ങളാണ്.  ഗാനത്തിൻ്റെ ഉറവിടം അന്വേഷിച്ചു വരണം.  അഞ്ചു നാൾ കൊണ്ട് അവർ ഉറവിടം മനസ്സിലാക്കി തിരിച്ചെത്തി. കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കാൻ ചന്ദ്ര ദേവൻ കല്പന ചൊല്ലുന്നു. അതനുസരിച്ച് അവർ ഉണ്ണിയാടി ചരിതം വിവരിക്കുകയാണ്.

ഭാരതമെന്നൊരു നാടുണ്ടവിടെ, കേരളമെന്നൊരു മലനാടുണ്ട്. സുവകനും മതിദീപനും പറഞ്ഞ് തുടങ്ങി. ഈ മലനാട്ടിൽ കണ്ടിയൂർ എന്ന ദേശം. കണ്ടിയൂർ മറ്റം എന്ന സ്ഥലം. മറ്റം എന്ന വാക്കിന് മേച്ചിൽ പുറം, ആറ്റിൻകര, താണ ഭൂമി എന്നൊക്കെ അർത്ഥം. മറ്റം നാമമായ സ്ഥലം വേറെയും ഉണ്ട്. തൃശൂർ ജില്ലയിൽ, തലപ്പിള്ളി താലൂക്കിൽ മറ്റം ഉണ്ട്.  മറ്റത്തെ ശ്രീ പർവതം അങ്ങാടിയെ വർണ്ണിക്കുന്നു.

ഇവിടെവ്യാഖ്യാതാവ് ചരിത്ര ചർച്ചയിലേക്ക് കടക്കുന്നു. കേരളം എന്ന രാജ്യം പണ്ടേ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായ പ്പെടുന്നത്.  ചേരം എന്ന പദം ഉണ്ണിയാടി ചരിത ത്തിൽ ഇല്ലാത്തതുകൊണ്ട് ചേരം അന്ന് ഇല്ലായിരുന്നു.  പിന്നെ അശോകൻ്റെ ശാസനം കൊണ്ടു വരുന്നു.  അശോകൻ്റെ ശാസനത്തിൽ കേരളപുത്ര എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.  പക്ഷെ, പല ചരിത്രകാരന്മാരും പല വിധത്തിൽ ആണ് ഇത് രേഖപ്പെടുത്തിയത്.  ചിലർ കേതല പുത്ര. മറ്റു ചിലർ കേലല പുത്ര. പാലി ഭാഷയിൽ ബ്രഹ്മി ലിപിയിൽ എഴുതിയ ശാസനം ഇന്ന് വായിക്കുമ്പോൾ ഇങ്ങനെ പല വെർഷൻ                ( vertion) വരുന്നത് സ്വാഭാവികം.  ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ ഒരു സ്ഥലം ഉണ്ട്. ഖേരളു      ( kheralu) അശോകൻ്റെ ശാസനത്തിലെ സ്ഥലം ഇതായിക്കൂടെ? ബോധി സത്വൻ്റെതെന്നു കരുതുന്നു വിഗ്രഹം ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.  ഹുംബഡ് ജൈനരുടെ അധിവാസ സ്ഥലമായിരുന്നു kheralu.

പിന്നെ, സാമൂഹ്യ പാഠത്തിൽ ചരിത്രം എന്നു വിശേഷിപ്പിച്ച് നമ്മളെ പഠിപ്പിച്ച ഉൽപത്തിക്കഥ.
ഈ കഥ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് മുഴുവൻ പ്രചാരം നേടിയ കഥയാണ്. ഇവിടെ 1868- ൽ ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച കേരളോൽ പ്പത്തി എന്ന പുസ്തകം വഴി ഇതിന് പ്രചാരം കിട്ടി.

സഹ്യാദ്രി കാണ്ഡം

കേരളോൽപ്പത്തിക്ക് തുല്യമായ ഒരു ഗ്രന്ഥം 1877 - ൽ ബോംബേയിൽ നിന്നും Asiatic Society of India പ്രസിദ്ധപ്പെടുത്തി.  സ്കന്ദ പുരാണത്തിൻ്റെ ഭാഗമാണെന്ന് അവകാശ പ്പെട്ടു. മൂല കൃതി സംസ്കൃതം ആണെന്നും അവകാശപ്പെടുന്നു. പടിഞ്ഞാറൻ ഇന്ത്യയുടെ മിത്ത്, ചരിത്രം, ഭൂമി ശാസ്ത്രം എല്ലാം അടങ്ങിയതെന്ന് ഗ്രന്ഥം അവകാശപ്പെടുന്നു.  പടിഞ്ഞാറൻ തീരത്ത് കണ്ടെത്തിയ വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള അറിവ് ക്രോഡീകരിച്ച് ദേവനാഗരി ലിപിയൽ എഴുതിയ കൃതി. ചിത്പാവൻ ബ്രാഹ്മണരുടെ, സാരസ്വത ബ്രാഹ്മണരുടെ ഗോവയിലേക്കുള്ള കുടിയേറ്റം എന്നിവ വിവരിക്കുന്നു.  പല സ്ഥലങ്ങളിൽ നിന്നും ലഭ്യമായ കയ്യെഴുത്ത് പ്രതികൾ ക്രോഡീകരിച്ച് ഉണ്ടാക്കി യതെന്നും അവകാശ പ്പെടുന്നു.  ഇതിൽ ഒരു ഉറവിടത്തിൽ മഴു എറിയുന്നു. മറ്റൊന്നിൽ അമ്പ് എയ്യുന്നു.  രണ്ടും വന്നു വീഴുന്നത് ഗോമന്തകത്തിൽ ( ഗോവ) അമ്പ്/ മഴു വീഴുന്ന സ്ഥലത്ത് നിന്ന് കടൽ പിൻവാങ്ങി.

കേതല 

കേതല എന്ന കുടുംബ പേര് കർണാടകത്തിലും ആന്ധ്രയിലും ഉണ്ട്.  മിക്കവാറും കുടുംബ പേരുകളുടെ ഉദ്ഭവം സ്ഥല പേരിലാണ്.  ചിലപ്പോൾ സ്ഥലങ്ങൾ വിസ്മൃതിയിൽ ആകും.  പക്ഷെ, സർ നെയിം അവശേഷിക്കും.

ശാസ്ത്രം പോലെ ചരിത്രവും പുതിയ അറിവുകൾക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും.  ചരിത്രകാരൻൻ്റെ പല നിഗമനങ്ങളും അനുമാനങ്ങളാണ്.  നിലവിലുള്ള അറിവിൻ്റെ അടിസ്ഥാനത്തിലാണ് അനുമാനം.  പുതിയ അറിവുകൾ പുതിയ അനുമാന ത്തിലേക്കു നയിക്കുന്നു.  സാമൂഹ്യ പാഠം ടെക്സ്റ്റ് ബുക്കിൽ ഇതിൻ്റെയൊന്നും ആവശ്യമില്ല.  പബ്ലിക് സ്കൂൾ തുടങ്ങി വെച്ചത് ഈസ്റ്റ് ഇന്ത്യാ കമ്പനി യാണ്.  കമ്പനിക്ക് ആവശ്യമായ ജോലിക്കാരെ ഇവിടെ തന്നെ ഉണ്ടാക്കണം എന്ന ആവശ്യം മാത്രമേ അവർക്കുണ്ടായിരുന്നുള്ളു.  ചേറ് എന്ന  വാക്കിന് ചെളി എന്നർത്ഥം.  അളം എന്ന വാക്കിന്   ഉപ്പ് ശേഖരിക്കുന്ന സ്ഥലം, കടൽ എന്നൊക്കെ യാണ് അർത്ഥം.  ചെരളം എന്ന സ്ഥലം കാസർകോട് ജില്ലയിൽ ഉണ്ട്.  ചെരളം ഇംഗ്ലീഷിലൂടെ കയറി ഇറങ്ങിയാലും കേരളം ആകും.  അതുകൊണ്ട് ആ സാധ്യതയും തള്ളി ക്ക്ളയണ്ട.  കടലിനോട് ചേർന്ന ദേശം എന്ന അർഥത്തിലും കേരളം എന്ന് വരാം.
 നാല്പത്തി ഒന്നു നദികൾ പടിഞ്ഞാട്ട്  വളഞ്ഞ് പുളഞ്ഞ് ഒഴുകി തുരുത്തുകൾ ആക്കിയ സ്ഥലം.  വേലിയേറ്റത്തിൽ വെള്ളം കയറി ഇറങ്ങുമ്പോൾ അത് ചേറളങ്ങൾ ആയിരിക്കുമല്ലോ.  കവിതയിലെ കേരളങ്ങൾ എന്ന പ്രയോഗം ഈ അർത്ഥത്തിലും ആകാമല്ലോ.
സുവാകനും മതിദീപനും കണ്ടിയൂർ മഹാദേവക്ഷേത്രത്തിൽ വെച്ച് ദാമോദര ചക്യാരെ കാണുന്നു.  ഇതിനിടെ മഹോദയപുരത്തും കേരള ചക്രവർത്തിയുടെ രാജധാനി യിലും പോകുന്നുണ്ട്.  പരദേശത്ത് നിന്നും വരുന്ന താണല്ലോ. തുടർന്ന് ഓടനാട്, അതിൻ്റെ ആസ്ഥാനം കണ്ടിയൂർ, മഹാദേവക്ഷേത്രം. കണ്ടിയൂരെ ചെറുപ്പക്കാരെ കാമദേവൻ ശല്യം ചെയ്യുന്നുണ്ട്.  ചന്ദ്രദേവനെ മൂപ്പർ ശല്യം ചെയ്ത കേസിൽ ഈ ഭൂമിയിലേക്ക്കോണി ഇറങ്ങി വന്നതാണ് രണ്ട് ഗന്ധർവന്മാർ.  കണ്ടിയൂരിനടുത്ത് മറ്റത്ത് സുന്ദരികളും സുന്ദരന്മാരും മിക്സഡ് ആയി വിലസുകയാണ്.
തറ്റ് ഉടുത്ത പെൺ കൊടികൾ വട്ടത്തിൽ ചുറ്റി കൂത്താടുകയാണ്.  ഭാഗ്യം! ലക്ഷ്മീകടാക്ഷം.  പട വെട്ടുന്നവർ കോണകം ആഘോഷം ആക്കിയ കാലമാണല്ലോ.
ബ്രാഹ്മണരുടെയും സുന്ദരികളുടെയും സാന്നിധ്യം. പക്ഷെ, ഈ നായന്മാരും തിയ്യൻമാരും എവിടെ? ഈഴവർ എവിടെ? ഇക്കൂട്ടർ ഇല്ലാത്ത കേരളമോ? കൈക്കോളൻ എന്നതിന് ചാലിയൻ എന്നർത്ഥം. നെയ്ത്തുകാരാണ്.  കൈക്കോൻ= നായർ. പക്ഷെ, കവിതയിൽ ഇല്ല.
പ്രകൃതിയെ യുവതി യുവാക്കളെ തനതായി വർണ്ണിക്കുന്നു. ഉപ്പും തീപ്പെട്ടിയും അരിയും അങ്ങാടിയിൽ കാണുന്നില്ല.  തീപ്പെട്ടി നിലവിൽ വന്നിട്ടില്ല.  ബ്രാഹ്മണരും രാജാക്കന്മാരും പത്തായ ത്തിലെ നെല്ലെടുത്ത് കുത്തി അരി യാക്കുന്നു . ചിലപ്പോൾ രജാവിനും വിത്ത് എടുത്ത് കുത്തേണ്ടി വരും.  മറ്റുള്ളവർ ചോറ് കാണാറില്ല.  അഥവാ ഉണ്ണുന്നെങ്കിൽ ഇല്ലത്തു നിന്നോ മനയിൽ നിന്നോ. അതുകൊണ്ട് അങ്ങാടിയിൽ വരേണ്ട കാര്യമില്ല. എന്നാൽ അരിപ്പൊടിയും അവലും ഉണ്ട്.  ഉപ്പ് കണ്ടിയൂരിൽ തന്നെ ഉണ്ട്.  കണ്ടി എന്നാൽ ഉപ്പ് വെള്ളം കയറ്റാനും മറ്റുമുള്ള ചെറിയ തോട് എന്ന് അർത്ഥം.  ഉപ്പ് വെള്ളം കയറ്റുന്നത് ഉപ്പ് കുറുക്കൻ വേണ്ടി ആവുമല്ലോ.  പ്രകൃതിയെ വർണ്ണിക്കുന്നു എങ്കിലും നെൽകൃഷി എവിടെയും വരുന്നില്ല. ഒരു പക്ഷെ പാടങ്ങൾ ബ്രാഹ്മണരുടെ, രാജാക്കന്മാരുടെ അധിവാസ മേഖലക്ക് വെളിയിൽ ആയിരിക്കുമോ? 
ഉണ്ണിയാടിയെ വർണ്ണിക്കുന്നു. ചെറുകര കുട്ടത്തിയെ വർണ്ണിക്കുന്നു. ഉണ്ണിയാടിയുടെ അമ്മ. ഓടനാട് പ്രഭുവിൻ്റെ ഭാര്യ.
എല്ലാ വർണനകളിലും മുല കടന്നു വരുന്നു.  പാർവ്വതിയുടെ വർണ്ണനയിൽ പോലും തടിച്ച കുന്നു പോലെയുള്ള മുലകളെ വിശേഷിപ്പിക്കുന്നു.  ചെറുകര കുട്ടത്തിയുടേത് പോർ മുല.  മുല ഒരു കുറച്ചിൽ ആയി അക്കാലത്ത് തോന്നിയിട്ടില്ല.  അരയ്ക്ക് മുകളിൽ തുറന്ന പുസ്തകം പോലെയാണ് പെണ്ണുങ്ങൾ നടന്നത്.  അതങ്ങനെതന്നെ പകർത്തുകയാണ് കവികൾ ചെയ്തത്.  പിന്നെ, കവിത ഒരു നേരമ്പോക്കാണല്ലോ. പതിനാലാം നൂറ്റാണ്ടിൽ എഴുതിയ അച്ചി ചരിതങ്ങളെ വിക്ടോറിയൻ സദാചാര മൂല്യത്തിൽ വിലയിരുത്താമോ?
 

താൻ ഉണ്ണിയാടിയെ കുറിച്ച് നിരവധി കവിതകൾ രചച്ചിട്ടുണ്ട് എന്ന് ദാമോദര ചാക്യാർ പറയുന്നു.
അവിടെ ഉണ്ണിയാടിയുടെ മുന്നിൽ വലിയ ഒരു പുരുഷാരം. ചെങ്ങണിയൂരിൽ നിന്നും വന്ന ബ്രാഹ്മണർ, ഭട്ടൻമാർ, കവളിക( ഗ്രന്ഥ ക്കെട്ട്, ഓല ആയത്കൊണ്ട് ഇച്ചിരി കനം ഉണ്ടാകും)കൊണ്ട്  നടക്കുന്നവർ, കുടകളും ചെരിപ്പുകളും ( ഓലക്കുടയും മെതിയടിയും), വരുന്നവരുടെ സംഭാഷണ വെടിക്കെട്ട്, പൊങ്ങച്ചം പറയുന്നവർ,  ചീത്ത വിളിക്കുന്നവർ, ഒരു സാമ്പിൾ വെടിക്കെട്ട് ഇങ്ങനെ: 
ചേടിയോട് എൻ്റെ ആഗ്രഹം അറിയിച്ചുവോ? സത്യത്തിൽ അവൾ തിളങ്ങുന്ന വെൺ മോതിരം കൂടി എന്നോട് ആവശ്യപ്പെട്ടു.  ചേടിക്ക് രഹസ്യമായി കൈക്കൂലി കൊടുക്കാം. പെണ്ണുങ്ങൾ പറഞ്ഞാൽ അവൾ കേൾക്കുമത്രെ.

നാട്ടു കാര്യം, വീട്ടു കാര്യം, വേവലാതി ഒക്കെ അലക്കുന്നുണ്ട്. 

ക്ഷേത്ര അങ്കണങ്ങളിൽ അരങ്ങേറിയ കൂത്ത്, കൂടിയാട്ടം; ക്ഷേത്രത്തിന് വെളിയിൽ അരങ്ങേറിയ പാഠകം എന്നീ രംഗ കലയുടെ കലാകാരനെ ഉദ്ദേശിച്ച് ഓലയിൽ രേഖപ്പെടുത്തിയ കൃതികളാണ് ഈ രണ്ട് കൃതികളും.  അന്നത്തെ സാമാന്യ ജനങ്ങളുടെ വിനോദത്തിനായി രൂപം കൊണ്ട കലകൾ.  ജനസാമാന്യത്തിന് കണ്ടും കേട്ടും രസിക്കാനായി നിർമ്മിച്ചത്.  കൂത്ത്, കൂടിയാട്ടം, പാഠകം കലാകാരന്മാർക്കുള്ള കൈപ്പുസ്തകം.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കേരളത്തനിമ: ഡോ. ആർ.ഗോപിനാഥൻ

കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ - ടി. എച്ച്. പി. ചെന്താരശ്ശേരി