ഫറോക്ക്: ഇന്നലെ, ഇന്ന് - വിജയ കുമാർ പൂതേരി
ഫറോക്കിൻ്റെ ദേശ ചരിത്രം. കേരള ചരിത്ര വായനയിൽ ദേശ ചരിത്രം വരാറില്ല. അതുകൊണ്ട് പുസ്തകം ഒരു പുതുമയായി. നല്ലൂർ ദേശത്തിൽ വരുന്നതാണ് ഫറോക്ക്.
ഫെറോക്കാബാദ് എന്നു പേരിട്ടത് ടിപ്പു സുൽത്താൻ. ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു പക്ഷെ ഫറോക്ക് എന്ന് ചുരുക്കിയതാകാം.
കഥ പറയുന്ന ഏക ജീവിയാണ് മനുഷ്യൻ. കഥ അവൻ്റെ അതിജീവന സൂത്രം കൂടിയാണ്. പരഭീതിയും (xenophobia) പ്രകൃതി കനിഞ്ഞു നൽകിയ അതിജീവന സൂത്രം. പരഭീതി പരവിദ്വേഷമാക്കി അധികാരം കൈക്കലാക്കാൻ കഥ പറച്ചിൽ ഏറെ സഹായകമാണ്. കഥ പറച്ചിൽ നേരമ്പോക്ക് കൂടിയാണ്.
ദേശ ചരിത്രം നമ്മൾ പഠിക്കാറില്ല. ലോക ചരിത്രം, ഇന്ത്യാ ചരിത്രം, കേരള ചരിത്രം എന്ന ക്രമത്തിലാണ് നമ്മളെ പഠിപ്പിക്കുന്നത്. നന്നെ ചെറുപ്പത്തിലേ ( തലച്ചോറ് പൂർണ വളർച്ച കൈവരിക്കുന്നതിന് മുമ്പ്) പഠനം തുടങ്ങുന്നതുകൊണ്ട്, അതും ശ്രോതിയൻ പഠനം ആയതു കൊണ്ട് പഠിക്കുന്നത് ബോധത്തിൽ ഉറച്ചു പോകും. പഠനം കഴിഞ്ഞ് ജീവിക്കാൻ തുടങ്ങുന്നത് ഈ hang over ലാണ്. ചരിത്ര പഠനത്തിൽ ഈ hangover കൂടുതൽ ദൃശ്യം. കേരള ചരിത്ര പഠനത്തിൻ്റെ hangover മാറ്റി നിറുത്തയാൽ വളരെ ശ്രദ്ധേയമായ പുസ്തകം.
കരുവൻതിരുത്തി എന്ന് ഇപ്പോൾ വിളിക്കുന്ന പ്രദേശത്തെ എൻ്റെ കുട്ടിക്കാലത്ത് കരിംതിരുത്തി എന്നാണ് വിളിച്ചിരുന്നത്. എക്കലിനെ കരി എന്ന് പറയും. ചാ ലിയാറിലൂടെ ഒഴുകിവന്ന കരി അടിഞ്ഞ കര. അതിൻ്റെ തൊട്ടു വടക്ക് പടിഞ്ഞാറ് കാക്ക തിരുത്തി. നദിയിലൂടെ വീണ്ടും വടക്ക് കിഴക്ക് പോയാൽ മരക്കാട്ട് കുന്ന്. അവിടെ പുഴ രണ്ടായി തിരുത്തി ഉണ്ടാക്കി വീണ്ടും ഒന്നാകുന്നു. കോഴിത്തിരുത്തി എന്ന് ഇപ്പൊൾ വിളിക്കുന്നു. പണ്ട് അങ്ങനെ പേര് ഉണ്ടായിരുന്നോ? പുഴ വീണ്ടും ഒന്നായി ചേരുന്നതിൻ്റെ പടിഞ്ഞാറെ കര ആലിയക്കോട്. ആല്+ ഇയ+ കോട്.
ആല് = വെള്ളം, ഇയ = ചേർന്നത്. കോട് = പടിഞ്ഞാറ്, അല്ലെങ്കിൽ പ്രദേശം.
പുഴയിലൂടെ അഴിയിലേക്ക് പോകുമ്പോൾ ഓലശ്ശേരി. ഓലം= കടൽ. ഇന്ന് മീൻ ജെട്ടി ഇരിക്കുന്ന സ്ഥലം ഓലശ്ശേരി കടവ്. ബേപ്പുർ ചെറുവണ്ണൂർ റോഡ് വരുന്നതിനു മുമ്പ് ഓലശ്ശേരി കടവിൽ നിന്നും തോണി കയറി കരിംതിരുത്തിയിൽ ചെല്ലും. ചെറുവണ്ണൂർ = ചേറു വന്ന ഊര്. ചേർ, പ്രളയ ജലം ആകാം, കടൽ ആകാം. ചെറുവണ്ണൂർ വേറെയുമുണ്ട്. ഭാരതപ്പുഴയുടെ തീരത്ത്. ആംഗലത്തിലൂടെ കയറി ഇറങ്ങിയപ്പോൾ അത് ഷൊർണൂർ ആയി. പുഴയും തോടും ചാലും ഒഴുകി തുരുത്തികളായ ഭൂമിയിലേക്ക് കുടിയേറിയ വ്യത്യസ്ത ഗോത്രങ്ങൾക്ക് അന്യരുമായി സമ്പർക്കമറ്റു കഴിയാൻ ഇത് വളരെ സൗകര്യമായി. ഇതിനർത്ഥം അവർ ശാന്തമായി കഴിഞ്ഞു കൂടി എന്നല്ല. ഏതെങ്കിലും അതിർത്തിക്കുള്ളിൽ അവിടത്തെ വിഭവങ്ങൾ പെറുക്കി തിന്നും, അതിനകത്തെ മൃഗങ്ങളെ വേട്ടയാടി കഴിഞ്ഞു കൂടും. അതിർത്തിക്കപ്പുറത്ത് സമാനമായി കഴിഞ്ഞുകൂടുന്ന മറ്റൊരു ഗോത്രം ഉണ്ടാകും. അതിർത്തി ഭേദിക്കുമ്പോൾ പരസ്പരം സംഘട്ടനം ഉടലെടുക്കുന്നു. തങ്ങളുടെ അതിർത്തിക്കകത്തെ വിഭവങ്ങൾ ശോഷിക്കുമ്പോൾ അന്യരുടെ അതിർത്തിയിലേക്ക് കടക്കുന്നു. ഇതാണ് സംഘട്ടനത്തിനു കാരണം. മാറ്റകൃഷി സ്ഥിരം കൃഷി ആയി പരിണമിച്ചപ്പോൾ സംഘട്ടനത്തിൻ്റെ ലക്ഷ്യം മാറുന്നു. നേരത്തെ മത്സരം ആഹാരത്തിനായിരുന്നെങ്കിൽ ഇപ്പൊൾ ലക്ഷ്യം കൃഷി നിലം ആയി. മത്സരത്തിൻ്റെ സ്വഭാവത്തിലും മാറ്റം. സംഘട്ടനത്തിൽ തോൽക്കുന്നവരിലെ ആണുങ്ങൾ കൊല്ലപ്പെടുന്നതിനു പകരം അവരെ പിടിച്ചു കൊണ്ടുവന്ന് അടിമയാക്കി വയലിൽ പണിയെടുപ്പിക്കുന്നു. അടിമയും ഉടമയും എന്ന രണ്ടു തട്ട്. കാർഷിക സമ്പദ് വ്യവസ്ഥ വളരുന്ന മുറക്ക് ഉടമയെ സഹായിക്കാൻ അവരുടെ കീഴെ വേറെയും തട്ടുകൾ. ഭൂമി ബ്രാഹ്മണർക്കും രാജാവിനും ക്ഷേത്രങ്ങൾക്കും. ഉത്പാദന വ്യവസ്ഥ ക്ഷേത്ര കേന്ദ്രീകൃതം ആകുന്നു. ഇതിനെ പരിപോഷിപ്പക്കുകയും വ്യവസ്ഥപ്പെടുത്തുകയുമാണ് മനുസ്മൃതി ചെയ്തത്. Hunter gatherer സമൂഹത്തിൽ നിന്നും കാർഷിക സമൂഹത്തിലേക്ക് പരിവർത്തനം. ഇതിലേക്ക് ചേരാതെ പഴയ രീതി തുടർന്ന ന്യൂന പക്ഷം ആദിവാസി സമൂഹമായി നിന്ന ഇടത്തിൽ നിന്നു.
ഏറാടി:
ഏറാടി ജാതിപ്പേരല്ല. തമിഴ് നാട്ടിലെ ഏറാടി ഗ്രാമത്തിൽ നിന്നും കുടിയേറിയ ഗോത്രങ്ങൾ ആയിരുന്നു ഏറാടിമാർ. ഒരു പക്ഷെ അവർ ഇടയർ ആയിരിക്കാം. ഏർ= ഉഴവു മൃഗങ്ങൾ. ഒരു പക്ഷെ അവർ വെട്ടി ചുട്ട് കൃഷിയിൽ നിന്നും നീർ നില കൃഷിയിലേക്കുള്ള പരിവർത്തന ദശയിൽ കാലികൾക്ക് ആവശ്യമായ മറ്റവും നീർ നിലവും അന്വേഷിച്ച് കേരളത്തിൽ എത്തിയതായിരിക്കാം. തിരുവണ്ണാമലയുടെയും വിഴ്‌പുറത്തിൻ്റെയും ഇടയിൽ സ്ഥിതി ചെയ്യുന്നു ഏറാടി. ഇവിടെ നിന്നും അവർ തിരുവനന്തപുരത്തെ പൂന്തുറയിൽ എത്തി. ഏതാണ്ട് അഞ്ഞൂറിൽ പരം കി. മീ. അകലെ. തുടങ്ങിയ ഇടത്തിൽ നിന്നും പൂന്തുറയിൽ എത്തിയപ്പോൾ 20 തലമുറ കഴിഞ്ഞിരിക്കും. ഇത് യാത്ര അല്ല എന്നു കൂടി ഓർക്കണം. പെറ്റു പെരുകി പരക്കുകയാണ്. പൂന്തുറയിൽ കുറെ നാൾ താമസിക്കുന്നുണ്ട്. പൂന്തുറ പേര് സൂചിപ്പിക്കുന്നതു പോലെ തുറമുഖം ആയതുകൊണ്ട് പൂന്തുറ കോൻ, തുറമുഖത്തിൻെറ അധിപൻ ആയി. പിന്നെ അവരെ കാണുന്നത് കൊണ്ടോട്ടിയിലെ നെടിയിരുപ്പിലാണ്. അപ്പോഴേക്കും ഏറാടി ഏറാൾപാട് ആയി.
1124 - ൽ അവസാനത്തെ പെരുമാൾ മക്കത്തേക്ക് പോയപ്പോൾ തൻ്റെ സാമ്രാജ്യം വീതിച്ച് സിൽബന്തികൾക്ക് കൊടുത്ത സമയത്ത് നമ്മുടെ ഏറാടി പടക്ക് പോയതായിരുന്നു. ഏതാണ്ട് 900 വർഷങ്ങൾക്ക് മുമ്പ് ആയിരിക്കാം ഏറാടിമാർ അവരുടെ പ്രയാണം തുടങ്ങിയത്. അതായത് CE 224 -ൽ. തിരുവണ്ണാമലയിൽ തന്നെ ആയിരുന്നു പോർളാതിരിമാരുടെ പൂർവീകരും. പോലൂർ ആയിരുന്നു അവരുടെ ഗ്രാമം. ഏതായാലും ഏറാടിമാർ കോഴിക്കോട് എത്തുന്നതിനു മുമ്പ് പോർളാതിരിമാർ കോഴിക്കോട് എത്തി.
കുരുവട്ടൂരിലെ ആഞ്ഞിലോറ മല ആയിരുന്നു പോർളാതിരിയുടെ ആസ്ഥാനം. പോലൂർ എന്ന സ്ഥലത്താണ് ആഞ്ഞിലോറ മല. 48 കൊല്ലത്തെ യുദ്ധത്തിനൊടുവിൽ പോർളാതിരിയെ തോൽപിച്ച് CE 1230 - ൽ സാമൂതിരി കോഴിക്കോട് കൈക്കലാക്കി എന്നു പറയുന്നു. സാമൂതിരയുടെ ചരിത്രകാരൻ കെ. വി. കൃഷ്ണ അയ്യർ ഇങ്ങനെ കൃത്യമായി അടയാളപ്പെടുത്തുന്നില്ല.
ചരിത്രത്തിൽ ഇങ്ങനെ പല പൊരുത്തക്കേടുകളും കാണാം. എടുത്തു പറയേണ്ട ഒരു പൊരുത്തക്കേടിനെ കാണിക്കാം. BCE 2300 -ൽ കടൽ സഹ്യാദ്രിയുടെ അടിത്തട്ട് വരെ ചെന്നിരുന്നു എന്ന് Philip Lake എന്ന ഭൗമ ശാസ്ത്രജ്ഞൻ Geological Survey of South Malabar എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഇപ്പോഴത്തെ കേരളത്തിൻെറ വിസ്തീർണ്ണം 38,864 ച. കി. മീ. CE ഒന്നാം നൂറ്റാണ്ടിൽ എഴുതിയ കപ്പലോട്ടക്കരൻ്റെ ഡയറിയായ Periplus of Erythraean Sea - യിൽ പരാമർശിക്കപ്പെട്ട മുസിരിസ് കേരളക്കരയുടെ ഇന്നത്തെ കടലോരത്ത് കുഴിച്ചാൽ കിട്ടുമോ? ഒരു പക്ഷെ, പലവക entertainment കൂട്ടത്തിൽ ചരിത്രവും വെറും നേരമ്പോക്ക് ആയിരിക്കാം.
ഇനി നദികളുടെ കാര്യം പറയാം. ഇന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന 41 എണ്ണത്തിനു പകരം നൂറു കണക്കിന് നീർച്ചാലുകൾ മലഞ്ചെരുവിലൂടെയും കൊല്ലിയിലൂടെയും ഒലിച്ചിറങ്ങി കടലിൽ വന്നു ചേർന്നിരിക്കാം, BCE 2300 ൽ. കേരളക്കര പടിഞ്ഞാറോട്ട് നടന്നപ്പോൾ പഴയ തുറമുഖങ്ങൾ കൂടെ നടക്കേണ്ട?
കോഴിക്കോട് വ്യാപാര കേന്ദ്രമായി രൂപം കൊള്ളുന്നത് എട്ടാം നൂറ്റാണ്ടിലാണ് (പേജ് 40). പെരുമാൾ മക്കത്ത് പോയ കാലത്ത് (CE 1224) കോഴിക്കോട് ചുള്ളിക്കാടായിരുന്നു എന്ന ചരിത്രവുമായി പൊരുത്തപ്പെടു ന്നില്ല.
കേരള ചരിത്രത്തിലെ മറ്റൊരു പൊരുത്തക്കേട് തൊണ്ടി എന്ന കടലുണ്ടി. കടലുമണ്ടി എന്ന് കോഴിക്കോടൻ ഗ്രന്ഥവരിയിൽ. കടലു മണ്ടി ( ഓടി, പാഞ്ഞ്,) പിൻ വാങ്ങി ഉണ്ടായ കര. തമിഴ് നാട്ടിലെ രാമനാഥ പുരം ജില്ലയിലെ പഴയ തുറമുഖം. സംഘ കാല തുറമുഖം.
ടെക്സ്റ്റ് ബുക്ക് ചരിത്രത്തിൽ നിന്നും കടം കൊണ്ട പാശ്ചാത്തലം മാറ്റി നിർത്തിയാൽ ഏറെ വിലപ്പെട്ട ഗ്രന്ഥം.
സാമൂതിരി ഭരണത്തിൻ കീഴിൽ
മൈസൂർ അധിനിവേശ കാലം
ബ്രിട്ടീഷ് ആധിപത്യം, സ്വാതന്ത്ര്യ സമരം, വ്യവസായ മേഖല, കൃഷിയും സാമൂഹ്യ ബന്ധങ്ങളും,
വിദ്യാഭ്യാസ മുന്നേറ്റങ്ങൾ,
ട്രേഡ് യൂണിയൻ
കരയാത്രയും ജലയാത്രയും,
പരമ്പരാഗത വ്യവസായം,
പഞ്ചായത്തും വികസനവും തുടങ്ങി ജീവിതത്തിൻെറ സമസ്ത മേഖലയും ഗ്രന്ഥം സ്പർശിക്കുന്നു.
26/03/24
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ