പോർളാതിരി - അശോകൻ ചേമഞ്ചേരി.
കുരുവട്ടുരിലെ ആഞ്ഞിലോറ മലയായിരുന്നു പോർളാതിരിയുടെ ആസ്ഥാനം. കോഴിക്കോട് പോളനാടിൻ്റെ അരിക് ദേശം. ഇന്നത്തേക്കാളും തോടുകളും ചാലുകളും ഒരു പക്ഷെ ചെറു പുഴകളും കൊണ്ട് കീറി മുറിക്കപ്പെട്ട പ്രദേശം. പഴയ തോടുകൾ പലതും ഇന്ന് അപ്രത്യക്ഷമായി. കോഴിക്കോട് റെയൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറായി വടക്ക് തെക്ക് ഒഴുകിയിരുന്ന തോട് ഉണ്ടായിരുന്നു. ബസാർ കനാൽ എന്നും റോബിൻസൺ കനാൽ എന്നും വിളിച്ചിരുന്ന തോട് ഇപ്പോഴില്ല. കോഴിക്കോട് നഗരം അന്ന് വെറും പടന്ന. ആരായിരിക്കാം ആദ്യത്തെ കുടിപാർപ്പുകാർ? ഉമണർ. ഉപ്പ്
കുറുക്കൽ തൊഴിൽ ആക്കിയവർ.
ബ്രിട്ടീഷ് കാലത്ത് ഉപ്പ് ബോംബെയിൽനിന്നും ഇറക്കുമതി ആയിരുന്നു. പടന്നയിൽ ഉണ്ടാക്കുന്ന ഉപ്പ് മീനുണക്കാൻ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. അതിന് മുമ്പുള്ള കഥയൊക്കെ കഥയാണ്.
BCE 1124 പെരുമാൾ മക്കത്തേക്ക് പോയി. പോകുന്നതിനു മുമ്പ് തൻ്റെ രാജ്യം നാടു വാഴികൾക്ക് പങ്കിട്ടു കൊടുത്തു. ഈ അവസരത്തിൽ ഏറാടി എന്ന നെടിയിരുപ്പു തമ്പുരാൻ സ്ഥലത്തില്ലായിരുന്നു. തൻ്റെ മുമ്പിൽ കുനിഞ്ഞു നിൽക്കുന്ന ഏറാടിയെ കണ്ടപ്പോൾ തമ്പുരാന് വിഷമം. എന്തു ചെയ്യും? പോളനാടിൻ്റെ തെക്കു പിഞ്ഞാറ് മൂലയിൽ ഒരു ചുള്ളിക്കാട് കിടക്കുന്നു. നെടിയിരുപ്പു തമ്പുരാന് സന്തോഷമായി. ചരിത്രകാരൻ കണ്ടെത്തിയ സാമൂതിരിയുടെ തുടക്കം.
പോളനാട് ഭരിക്കുന്നതിനാൽ നാടിൻ്റെ അധിപനെ പോർളാതിരി എന്നു വിളിക്കുന്നു. കുരുവട്ടൂർ ആസ്ഥാനമായ അദ്ദേഹത്തിൻ്റെ സങ്കേതം ആഞ്ഞിലോറ മല ആണുപോലും. പോലൂരിൻ്റെ അധിപൻ ആയതുകൊണ്ട് അദ്ദേഹത്തെ പോർളാതിരി എന്നു വിളിക്കുന്നു. എവിടെയാണ് പോലൂർ? തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ. ജില്ലയുടെ തെക്ക് വില്ലൂപുരം ജില്ല. വില്ലുപുരം കടലോര ജില്ലയാണ്. ഇവിടെയാണ് ഏറാടി എന്ന ഗ്രാമം. ഇവിടെ വരുന്നതിനു മുമ്പേ രണ്ടു പേരും അയൽക്കാർ ആയിരുന്നു. കന്നുകാലി വളർത്തൽ, വെട്ടി ചുട്ടു കൃഷി ഇതായിരിക്കാം രണ്ടു കൂട്ടരും അനുവർത്തിച്ച ജീവനോപാധി. ഒരിടത്തും സ്ഥിര തമാസമില്ല. സ്ഥിരം സഞ്ചാരി ആയതുകൊണ്ട് വഴിയിൽ കിട്ടുന്നത് കരുതി വെച്ച് പിന്നീട് കൈമാറ്റം ചെയ്തിരുന്നു. നൊടുത്തൽ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. കൂടാതെ വെട്ചി
എന്നു വിളിക്കുന്ന കാലി മോഷണം അതായത് cattle raiding അംഗീകൃത തൊഴിൽ ആയിരുന്നു. ഇവിടെ മാത്രമല്ല, ലോകത്ത് എവിടെയും അങ്ങനെ ആയിരുന്നു. രണ്ട് ഗോത്രങ്ങൾ രണ്ടു വഴിയിലൂടെ ഇവിടേക്ക് വരുന്നു. പോർളാതിരിയുടെ പൂർവികർ മല ഇറങ്ങി വന്നപ്പോൾ താമൂതിരിയുടെ പൂർവികർ കടലോരം വഴി വന്നു. ഇടക്ക് ഏറെ കാലം പൂന്തുറ എന്ന കടപ്പുറത്ത് വലിയ മൂപ്പൻമാരായി വിളങ്ങി. ഇക്കാലത്ത് പൂന്തുറകോൻ എന്ന വിശേഷണവും കിട്ടി. പൂന്തുറ = സാമൂതിരിയുടെ പിതാമഹൻമാരുടെ ആദ്യ സങ്കേതം എന്ന് ശബ്ദതാരാവലി.
കേരളോല്പത്തി, അധികാര കേന്ദ്രത്തിൻ്റെ നറേറ്റിവ്, വെറുതെ ഉണ്ടായതല്ല. A political narrative. നീർ നില കൃഷി അറിവും കൊഴുവുമായി എത്തിയ ബ്രാഹ്മണ ഗോത്രങ്ങൾ ഭൂമിയിലെ അവകാശം സ്ഥാപിക്കാൻ നിർമിച്ചെടുത്ത കഥ. സൗരാഷ്ട്ര മുതൽ തെക്കോട്ട് ഈ കഥ പല രൂപത്തിൽ പ്രചാരത്തിൽ ഉണ്ട്.
അധികാര ശ്രേണിയിൽ പോർളാതിരിയും സമൂതിരിയും ഒരേ വർഗ്ഗത്തിൽ പെടും - മൂപ്പൻ. Local chieftain. സാമൂതിരി പിന്നീട് രജാവാകുന്നുണ്ട്.
എടുത്ത് പറയേണ്ട കാര്യം കേരളം എന്ന് ഇപ്പൊൾ വിളിക്കുന്ന കരയെക്കുറിച്ചാണ്.
ഇന്നത്തെ അതിൻ്റെ വിസ്തീർണ്ണം 38, 864 ച.കി.മി. പണ്ട് അത് എത്രയായിരുന്നു? BCE
2300 ലൊക്കെ കടൽ സഹ്യാദ്രിയുടെ അടിത്തട്ടു വരെ ചെന്നിരുന്നു.( Philip Lake - Geological Survey of South Malabar, Francis Day - The Land of Perumals) വയനാട് ചുരം, പാലക്കാട് ചുരം, ആരുവമൊഴി ചുരം എന്നിവയിലൂടെ ഇറങ്ങി വന്ന കന്നട തമിഴ് ഗോത്രങ്ങൾ ആയിരുന്നു ഇവിടത്തെ ആദ്യ കുടിയേറ്റക്കാർ. ഇവരുടെ ഇടയിലേക്ക് കുരുമുളകും മറ്റു സുഗന്ധ വ്യഞ്ജനങ്ങളും തേടി ഈജിപ്ത്, സൊമാലിയ, ഗ്രീക്, റോമ, പേർഷ്യ, ചൈന അറേബ്യ എന്നിവിടങ്ങളിൽ നിന്നും കച്ചവടക്കാർ വന്നു. ജൂൺ ജൂലായ് മാസങ്ങളിൽ വന്നു ചരക്കുകൾ വാങ്ങി ഡിസംബർ ജനുവരി മാസങ്ങളിൽ അവർ തിരിച്ചു പോകുന്നു. ചിലരൊക്കെ ഇവിടെ തങ്ങും, അടുത്ത സീസണിലേക്ക് ചരക്ക് വാങ്ങി സൂക്ഷിക്കുന്നു. അവർ ഇങ്ങനെ തങ്ങിയ സ്ഥലങ്ങളെ അടയാളപ്പെടുത്തിയതിൻ്റെ അവശേഷിപ്പുകളാണ് യവനർകുളം ( വയനാട്), ചീനച്ചേരി (ചേമഞ്ചേരി) അറബിത്താഴം ( സർ നെയിം, കാപ്പാട്) അറബി (ഉളിക്കൽ പഞ്ചായത്ത്, കണ്ണൂർ.)
അന്നത്തെ കച്ചവട കൂട്ടത്തിനും പ്രത്യേകതകൾ ഉണ്ട്. പരസ്പരം കൊള്ള, ശീലമായിരുന്നു. തക്കം കിട്ടിയാൽ വരുന്ന വഴിയിലെ പെണ്ണുങ്ങളെ പിടിച്ചു കൊണ്ടു വരും. തിരിച്ചു പോകുമ്പോൾ അവരെ ഇവിടെ ഇട്ടേച്ച് പോകും. തിയൻ ഷാൻ, മക്കാവ് ദേശങ്ങളിൽ നിന്നും അങ്ങനെ എത്തിപ്പെട്ട പെണ്ണുങ്ങൾ ഇവിടെ സ്ഥിര താമസം ആകും. ഈ രണ്ടു സ്ഥലങ്ങളും വളരെ പുരാതന വാണിജ്യ പാതയുടെ ഓരത്ത് ആയിരുന്നു. ഇത് ഒരു ഉദാഹരണം മാത്രം.
32 ഗ്രാമങ്ങൾ കേരളത്തിലെ ബ്രാഹ്മണ കുടിയേറ്റം അടയാളപ്പെടുത്തുന്നു. തളിപ്പറമ്പിന് തെക്ക് മഞ്ചേരി വരെ ഒരെണ്ണം പോലും ഈ 32-ൽ വന്നില്ല. എന്തായിരിക്കാം കാരണം?
സഞ്ചാരി അബ്ദുൽ റസാഖ് സമൂതിരിയെ 1442 - ൽ കണ്ടതായി പറയുന്നു. അതിനും മുൻപേ കോഴിക്കോട് വരുന്നത് ഇബ്ൻ ബത്തൂത്തയാണ്. 1342- ൽ. എന്നാല് അദ്ദേഹം സാമൂതിരിയെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. 1341 കേരളത്തിൻ്റെ ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അന്നത്തെ പ്രളയത്തിൽ കൊടുങ്ങല്ലൂർ തുറമുഖം ഇല്ലാതെയായി. വൈപ്പിൻ ദ്വീപ് ഉദയം കൊള്ളുന്നു. 1342ൽ കോഴിക്കോട് വന്ന ബത്തൂത്ത ഇതൊന്നും അറിഞ്ഞിട്ടില്ല. 1341ലെ പ്രളയം കോഴിക്കോട് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കി? ഇതിലേക്കൊന്നും ഒരു വെളിച്ചവും എവിടെയും ഇല്ല.
സാമൂതിരിയെ മാട രാജാവ് എന്നു വിളിച്ചിരുന്നല്ലോ. മാടമ്പി രാജാവ് or local chieftain. കാലിവളർത്തലും വെട്ടി ചുട്ട് കൃഷിയും മുഖ്യ തൊഴിൽ ആക്കിയവരാണ് മാടമ്പിയായി ഉയരുന്നത്. മേച്ചിൽ സ്ഥലവും വെട്ടി ച്ചുട്ട് കൃഷിക്ക് ആവശൃമായ സ്ഥലവും തേടിയാണ് യാത്ര. കാലികളെ അടിച്ചു മാറ്റുന്നതും ശീലമാണ്. ഇതൊന്നും ഒരു കുറവായി കാണരുത്. അന്നത്തെ ജീവിതം ഇന്നത്തെ മൂല്യം കൊണ്ട് അളക്കരുത്.
പടനിലം ഇവിടെ മാത്രം അല്ല, വേറെയും ഉണ്ട്. ആലപ്പുഴ ജില്ലയിൽ, നൂറനാട് പടനിലം. പടനിലത്ത് വലിയ പട നടന്നു എന്നായിരിക്കും വർണ്ണന. ഇതൊക്കെ എഴുത്തുകാരൻറെ പൊലിപ്പിക്കലായി കണ്ടാൽ മതി.
പോർളാതിരിയുടെ കെട്ടിലമ്മ സാമൂതിരിയുടെ സഹോദരി ആയിരുന്നു. കെട്ടിലമ്മയുടെ ചതിയാണ് പോർളാതിരിയെ വടകരയിലേക്ക് ഓടിച്ചെന്ന് പറയുന്നു. ഇത്തരം ചതികളൊക്കെ അധികാരത്തിൻറെ ഏതു വഴിയിലും കാണാം.
ബാലു, ബാലുകം = നീർനെല്ലി, ഒരു അങ്ങാടി മരുന്ന്. ഈ വഴിക്കും ബാലുശ്ശേരി വരാം.
ചാല= ആളുകൾ കൂടുന്ന സ്ഥലം, കൊട്ടാരം, കോയിലകം. ചാലപ്പുറം ഇങ്ങനെയും വരാം.
ഇങ്ങനെയൊക്കെയാണ് പുസ്തകം വായിച്ചപ്പോൾ ഞാൻ ചിന്തിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ